ഗോവിന്ദന്‍ ആക്രമിക്കപ്പെടുന്നത് സെക്രട്ടറിയായതിനാല്‍; കത്ത് ചോര്‍ത്തലല്ല എംഎ ബേബിയുടെ പണി: സജി ചെറിയാന്‍

വ്യവസായി ബി മുഹമ്മദ് ഷര്‍ഷാദിന്റെ കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ഉള്ളി പൊളിച്ചതുപോലെയുള്ള ആരോപണങ്ങളാണ്. പാര്‍ട്ടി സെക്രട്ടറിയായതിനാലാണ് എം വി ഗോവിന്ദന്‍ ആക്രമിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങള്‍ മുന്‍പും സെക്രട്ടറിമാര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന് സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. പിണറായി മന്ത്രിയായപ്പോള്‍ മികച്ച മന്ത്രിയായി പേരെടുത്തിരുന്നു. എന്നാല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ വലിച്ചുകീറി ഒട്ടിച്ചു. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായപ്പോഴും ആക്രമിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

എം വി ഗോവിന്ദന്റെ മകന്‍ മികച്ച കലാകാരനാണ്. നശിപ്പിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഏതെങ്കിലും രണ്ട് വാര്‍ത്ത പത്രങ്ങളില്‍ വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംശയനിലയില്‍ നിര്‍ത്തേണ്ടതുണ്ടോയെന്നും സജി ചെറിയാന്‍ ചോദിച്ചു. ആരോപണ വിധേയനായ രാജേഷ് കൃഷ്ണ കുഴപ്പക്കാരനാണ് എന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. വഴിയെപ്പോകുന്നവര്‍ അയക്കുന്ന കത്ത് ചോര്‍ത്തിക്കൊടുക്കുന്നത് അല്ല എംഎ ബേബിയുടെ പണിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണക്കെതിരെ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കി കത്തിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്. ഇതില്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്നു. 2022ലായിരുന്നു ഷെര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയും ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷെര്‍ഷാദ് സിപിഐഎം നേതൃത്വത്തിന് നല്‍കിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

Be the first to comment

Leave a Reply

Your email address will not be published.


*