എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോ; ഇനി ബേസ് പ്ലാന്‍ ആരംഭിക്കുക 299 രൂപ മുതല്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ജിബി ഡേറ്റ 22 ദിവസം ലഭിക്കുന്ന 209 രൂപ പ്ലാനും 28 ദിവസത്തേയ്ക്കുള്ള 249 രൂപ പ്ലാനുമാണ് നിര്‍ത്തിയത്. ഇതോടെ പ്രതിദിനം 1.5 ജിബി ഡേറ്റ 28 ദിവസം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ ബേസ് പ്ലാനായി മാറി.

നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇനി ഫിസിക്കല്‍ പോയിന്റുകളില്‍ (റീട്ടെയില്‍ ഷോപ്പുകളില്‍) മാത്രമേ ലഭ്യമാകു എന്നും അവയ്ക്ക് ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ സാധ്യമാകില്ലെന്നും കമ്പനി എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ അടിസ്ഥാന പ്രതിമാസ പ്ലാനുകളും 299 രൂപയിലാണ് ആരംഭിക്കുന്നത്. പക്ഷേ ഈ കമ്പനികള്‍ ഈ പ്ലാനുകള്‍ അനുസരിച്ച് പ്രതിദിനം ഒരു ജിബി മാത്രമേ ഡേറ്റ നല്‍കുന്നുള്ളൂ. ജിയോ 209 രൂപ, 249 രൂപ പ്ലാനുകള്‍ പിന്‍വലിച്ചതോടെ ടെലികോം രംഗത്ത് പുതിയ അടിസ്ഥാന പ്ലാന്‍ 299 രൂപയായി മാറി.

ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ താരിഫ് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഒക്ടോബറിനും 2026 ജനുവരിക്കും ഇടയില്‍ വര്‍ധന ഉണ്ടായേക്കാം. എന്നിരുന്നാലും, 2024ല്‍ കണ്ട വര്‍ധനയുടെ അത്രയും വരില്ലെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*