ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല; ആശാവര്‍ക്കേസിന്റെ സമരം അടുത്ത ഘട്ടത്തിലേക്ക്; NHM ഓഫീസിലേക്ക് മാര്‍ച്ച്

192 ദിവസങ്ങള്‍ പിന്നിട്ട ആശാവര്‍ക്കേസിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്‍. എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നല്‍കുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍. 

മാര്‍ച്ച് നടത്തുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പേ തന്നെ നോട്ടീസ് നല്‍കിയിട്ടും എന്‍ എച്ച് എം സംസ്ഥാനത്തുടനീളം ആശ മാര്‍ക്ക് പരിശീലന പരിപാടികള്‍ വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിനൊടുവില്‍ പരിശീലന പരിപാടി ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസം 10നാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്നാണ് ആശാ വര്‍ക്കേഴ്‌സ് പറയുന്നത്. 1000 പ്രതിഷേധസദസ്സുകളാണ് സംസ്ഥാനത്തുടനീളം ആശാ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ സമരവും തുടരുമെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*