
കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് വാദം തള്ളി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ അവ്യക്തതയെന്നും പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ലെന്നും വിദഗ്ധ സമിതി അംഗം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു.
നാല് കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇതുപൊലെ ബലമുള്ള കമ്പി എത്ര ശ്രമിച്ചാലും ഒരു ചെറിയ ടൂള്‍ കൊണ്ട് മുറിച്ചുമാറ്റാന്‍ സാധിക്കില്ല. കണ്ടിട്ട് വലിയ വൈദഗ്ധ്യത്തോടെ മുറിച്ചതുപോലെയുണ്ട്. പിന്നെ എന്തുകൊണ്ട് അവരുടെ നിരീക്ഷണത്തില്‍ ഇത്ര ദിവസമെടുത്ത് ആ കമ്പികള്‍ മുറിച്ചു മാറ്റിയത് ശ്രദ്ധയില്‍ പെട്ടില്ല എന്നത് ന്യൂനതയാണ്. വളരെ പഴക്കമുള്ള ജയിലാണ് കണ്ണൂരിലേത്. അതിന്റെ ഭിത്തികളിലൊക്കെത്തന്നെ തകരാറുണ്ട്. ആകെയൊരു പരിഷ്‌കാരം വേണം – സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു
അതേസമയം, അന്വേഷണ സമിതി വിളിച്ച ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. ഉത്തര മേഖല ജയില്‍ ഡിഐജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജയിലിലെ സുരക്ഷ സംവിധാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് യോഗം നടക്കുന്നത്. ഗോവിന്ദചാമി ജയില്‍ ചാടിയ രീതി അന്വേഷണ സമിതി വിശദമായി പരിശോധിച്ചു. സുരക്ഷ് വീഴ്ച്ചയുണ്ടെന്ന് സമിതി വിലയിരുത്തി.
Be the first to comment