സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി, രൂപയ്ക്ക് 14 പൈസയുടെ നേട്ടം

മുംബൈ: ഓഹരിവിപണിയില്‍ ഇന്നും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25000ന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

പ്രധാനമായി ഐടി, ഫാര്‍മ, ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് സെക്ടറുകളാണ് മുന്നേറ്റം കാഴ്ച വെയ്ക്കുന്നത്. 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവരെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കരുത്തായത്. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിതല സംഘത്തിന്റെ ശുപാര്‍ശ. ഇത് ജിഎസ്ടി സമിതി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ ലൊംബാര്‍ഡ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നിവയാണ് വിപണിയില്‍ മുന്നേറ്റം കാഴ്ചവെയ്ക്കുന്നത്. ഇതിന് പുറമേ റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളും നേട്ടത്തിലാണ്.

അതിനിടെ ഡോളറിനെതിരെ രൂപയും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നേട്ടത്തോടെ 86.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയും ഉയര്‍ന്നു. 0.37 ശതമാനം ഉയര്‍ന്ന് ബാരലിന് 67 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം തുടരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*