ലോകത്തുടനീളം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കരണങ്ങളിൽ ഒന്നാണ് കൊറോണറി ആർട്ടറി ഡിസീസ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലം കാര്യക്ഷമമായി രക്തചംക്രമണം നടക്കാതെ വരുമ്പോൾ ഹൃദയത്തിന് സമ്മർദ്ദമുണ്ടാകും. ഇതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ ശരീരം തുടർച്ചയായി പല സൂചനകളും തന്നുകൊണ്ടേയിരിക്കും. ക്രിമരഹിതമായ ഹൃദയമിടിപ്പ്, തൊണ്ടയിലും താടിയെല്ലിലും അനുഭവപ്പെടുന്ന വേദന, ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന തുടങ്ങിയ ദഹന അസ്വസ്ഥതകൾ എന്നിവയെല്ലാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളാണ്. ഹൃദയാഘാതത്തിലേക്ക് വരെ നയിച്ചേക്കാവുന്ന കൊറോണറി ആർട്ടറി രോഗത്തിന്‍റെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
നെഞ്ചിലെ അസ്വസ്ഥത
കൊറോണറി ആർട്ടറി രോഗത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് നെഞ്ചുവേദനയെന്ന് NIH-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. നെച്ചിൽ സമ്മർദ്ദം തോന്നുക, ഭാരം കൂടുക, ഇറുക്കം, ഞെരുക്കം തുടങ്ങിയ അസ്വസ്ഥതകളും കൊറോണറി ആർട്ടറി രോഗത്തിന്‍റെ ഭാഗമായി അനുഭവപ്പെടാം. ഞെഞ്ചിന്‍റെ മധ്യത്തിലോ ഇടതു വശത്തോ സ്ഥിരമായതോ കഠിനമായതോ ആയ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഹൃദയാഘാതത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണമാകാം.
പുറത്തും തോളിലും വേദന
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിൽ പുറം ഭാഗത്തും തോളിലും കഴുത്തിലുമൊക്കെ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കൈകൾ, താടിയെല്ല്, എന്നിവിടങ്ങളിലും അസ്വസ്ഥത അനുഭവപ്പെടാം. ഇത്തരം വേദനകൾ ദഹനക്കേടിന്‍റെ ഭാഗമായി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ രോഗം തിരിച്ചറിയാതെ പോകുന്നു. ഇത് ജീവൻ നഷ്‍ടമാകാൻ വരെ കാരണമായേക്കും. അതിനാൽ വിശദീകരിക്കാനാകാത്തതോ ആവർത്തിച്ചുള്ളതോ ആയ ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യ വിദഗ്ദ്ധന്‍റെ സഹായം തേടുക.
ശ്വാസം മുട്ടൽ
ഇടയ്ക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ കലകളിലേക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാതെ വരും. ഇത് ശ്വാസതടസത്തിന് കാരണമായേക്കും. വളരെ പെട്ടന്ന് വിയർപ്പ്, ഉത്കണ്‌ഠ, ക്ഷീണം എന്നീ ലക്ഷണങ്ങളോടൊപ്പം ഇത് കണ്ടുവരാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
തലകറക്കം
പതിവായി തലകറക്കം, തളർച്ച എന്നിവ അനുഭവപ്പെടുന്നതും കൊറോണറി ആർട്ടറി രോഗത്തിന്‍റെ ഒരു ലക്ഷണമാണ്. ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് കൃത്യമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ഒരു ലക്ഷണമാണിത്. രക്തചംക്രമണം കുറയുമ്പോൾ ഓക്‌സിജൻ വിതരണം കുറയുകയും തലകറക്കം, ബലഹീനത, ബോധക്ഷയം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും നയിക്കും. നെഞ്ചുവേദന, ഹൃദയമിടിപ്പ്, ശ്വാസതടസം എന്നിവയോടൊപ്പം തലകറക്കം പോലുള്ള അനുഭവപ്പെടുകയാണെങ്കിൽ ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങളുടെ സൂചനയാകാം.
അകാരണമായ പെട്ടന്നുള്ള വിയർപ്പ്
അകാരണമായി പെട്ടന്നുള്ള തണുത്ത വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാണ്. ഹൃദയത്തിന് സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ധമനികളിൽ ബ്ലോക്കുണ്ടാകുമ്പോൾ ശരിയായി രക്തചംക്രമണം നടക്കാൻ ബുദ്ധിമുട്ട് നേരിടും. ഇത്തരം സാഹചര്യങ്ങളിൽ രക്തചംക്രമണം നടക്കുന്നതിനായി ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരുകയും വിയർപ്പ് അനുഭവപ്പെടുകയും ചെയ്യും. ഹൃദയാഘാതത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണം കൂടിയാണിത്.
കാലുകളിലെ വീക്കം
പാദങ്ങളിലോ കണങ്കാലുകളിലോ അസാധാരണമായി നീർക്കെട്ട് അനുവപ്പെടുന്നതും ഹൃദയത്തിന്‍റെ തകരാറുകളെ സൂചിപ്പിക്കുന്നു. ഹൃദയത്തിന് ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരികയും ശരീരത്തിന്‍റെ താഴെ ഭാഗങ്ങളിൽ ദ്രാവകം അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വൃക്ക, കരൾ തകരാറുകളുമായി ബന്ധപ്പെട്ടും ഈ ലക്ഷണം സാധാരണയായി കണ്ടുവരാറുണ്ട്.
തുടർച്ചയായ ചുമ
അലർജി, അണുബാധ തുടങ്ങിയവ മൂലമുണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ ദീർഘനാൾ നീണ്ടു നിൽക്കുന്നതോ വഷളാകുന്നതോ ആയ ചുമ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ഹൃദയസ്‌തംഭനം അനുഭവപ്പെട്ടാൽ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് വിട്ടുമാറാത്ത ചുമ, ശ്വാസതടസം എന്നിവയിലേക്ക് നയിച്ചേക്കും.



Be the first to comment