വാഴൂർ സോമന് വിട; അന്ത്യയാത്ര നൽകി നാട്

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അന്ത്യയാത്ര. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്കരിച്ചു. വാഴൂർ സോമന്റെ ആഗ്രഹപ്രകാരം സിപിഐ മുൻ നേതാവ് എസ് കെ ആനന്ദൻ്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 11 മണിയോടെ വാളാഡിയിലെ വീട്ടിൽനിന്ന് വണ്ടിപ്പെരിയാർ ടൗൺഹാളിൽ മൃതദേഹം എത്തിച്ചു. മൂന്നുമണിവരെ നിയമസഭാ സ്പീക്കർ, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ , സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ അണമുറിയാത്ത പ്രവാഹം. സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി കെ രാജൻ, മന്ത്രി പി പ്രസാദ്, മന്ത്രി ചിഞ്ചുറാണി, വി എസ് സുനിൽകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി നാലര പതിറ്റാണ്ട് കാലം വിശ്രമം ഇല്ലാത്ത പ്രവർത്തനം. ഒടുവിൽ അപ്രതീക്ഷിതമായ വിടവാങ്ങൽ. വാഴൂർ സോമൻ മരിച്ചതോടെ സാധാരണക്കാരുടെ വാഹനമായ ജീപ്പിൽ എത്തുന്ന എംഎൽഎയും ഇനിയില്ല.

ഇന്നലെ തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.

കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*