
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 18 പൈസയുടെ നേട്ടത്തോടെ 87.34 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയില്‍ പ്രതിഫലിക്കുന്നത്.
ഇന്ത്യയുടെ ഇറക്കുമതിക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം 27ന് പ്രാബല്യത്തില്‍ വരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സെപ്റ്റംബര്‍ 17ലെ വായ്പ നയപ്രഖ്യാപനത്തിന് മുന്‍പുള്ള അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഡേറ്റ പുറത്തുവരാന്‍ പോകുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച 27 പൈസയുടെ നഷ്ടത്തോടെ 87.52 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില വീണ്ടും ഉയര്‍ന്നു. 0.10 ശതമാനം മുന്നേറ്റത്തോടെ 67.80 എന്ന നിലയിലേക്കാണ് ക്രൂഡ് വില ഉയര്‍ന്നത്.
അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 300 ഓളം പോയിന്റ് ആണ് സെന്‍സെക്സ് കുതിച്ചത്. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര അടക്കം ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു.
Be the first to comment