
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകൾ ദർഷിതയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇവരെ കർണാടകയിലുള്ള സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിക്രൂരമായിട്ടാണ് 22 കാരൻ സിദ്ധരാജു ദർഷിതയെ കൊലപ്പെടുത്തിയത്. മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം. ഏറെ നാളായി സൗഹൃദം പുലർത്തിയിരുന്ന ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇത്തരത്തിൽ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭർത്താവിനൊപ്പം ദർഷിത വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചിരുന്നു.
മോഷണ ദിവസമായിരുന്നു ദർഷിതയും മകളും വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നത്. പിന്നീട് മകളെ മാതാപിതാക്കളെ ഏൽപ്പിച്ച് ദർഷിത സാലിഗ്രാമിലെ സിദ്ധരാജു എടുത്തിരുന്ന ലോഡ്ജിലേക്ക് എത്തുകയായിരുന്നു. ഇരുവരുംതമ്മിൽ അവിടെവെച്ച് തർക്കങ്ങൾ ഉണ്ടായി. ഹാർഡ്‌വെയർ ഷോപ്പിൽ ജോലിചെയ്‌തിരുന്ന സിദ്ധരാജു അവിടെയുണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കർണാടക പൊലീസ് വ്യക്തമാക്കുന്നു.
Be the first to comment