
ബ്രിട്ടനില്‍ ക്രമസമാധാന പ്രശ്നമായി അഭയാര്‍ത്ഥി വിഷയം മാറുകയാണ്. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കായി കൈകാര്യം ചെയ്യാന്‍ പുതിയ സിസ്റ്റം തയ്യാറാക്കുന്നതായി ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. യുകെയില്‍ തുടരാന്‍ അവകാശമില്ലാത്ത ആളുകളെ നാടുകടത്തുന്നത് വേഗത്തിലാക്കാനാണ് പദ്ധതിയെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കി.
നിലവിലെ അവസ്ഥയില്‍ അഭയാര്‍ത്ഥി അപ്പീലുകള്‍ തീരുമാനത്തിലെത്താന്‍ ഒരു വര്‍ഷത്തിലേറെ വേണ്ടിവരുന്നു. അതുവരെ അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. പുതിയ സ്വതന്ത്ര പാനലിനെ നിയോഗിച്ച് അഭയാര്‍ത്ഥി അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാണ് നീക്കം.
പരാജയപ്പെട്ട അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. നിലവില്‍ ഏകദേശം 51,000 അപ്പീലുകള്‍ വിചാരണയ്ക്കായി ക്യൂവിലുണ്ട്.
ജഡ്ജിമാരെ ആശ്രയിക്കുന്നതിന് പകരം പ്രൊഫഷണല്‍ പരിശീലനം നേടിയ നിയമവിദഗ്ധരെയാണ് സ്വതന്ത്ര ബോഡിയില്‍ നിയോഗിക്കുക. 24 ആഴ്ചയ്ക്കുള്ളില്‍ താമസൗകര്യം ലഭിക്കുന്നവരുടെയും, വിദേശ കുറ്റവാളികളുടെയും അപ്പീലില്‍ തീരുമാനം കൈക്കൊള്ളാനാണ് നിര്‍ദ്ദേശം.
അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന ബെല്‍ ഹോട്ടലില്‍ നിന്നും അവരെ ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി വന്നതോടെ, സമാനമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രകടനം നടന്നിരുന്നു. ബെല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അഭയാര്‍ത്ഥി ഒരു കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന വിവരം പുറത്തുവന്നതോടെയാണ് കുടിയേറ്റ വിരുദ്ധ സമരം കൂടുതല്‍ ശക്തമായത്. പോര്‍ട്ട്‌സ്മത്ത്, ഓര്‍പിംഗ്ടണ്‍, ലെസ്റ്റര്‍, ചിചെസ്റ്റര്‍, ആഷ്‌ഫോര്‍ഡ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ സംഘര്‍ഷം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പല ബ്രിട്ടീഷ് പൗരന്മാരും തെരുവില്‍ അലയേണ്ടി വരുന്ന സാഹചര്യത്തിലും, അനധികൃതമായി എത്തിയവര്‍ക്ക് സൗജന്യ താമസവും, ഗ്യാസും, വൈദ്യുതിയും നാല് നേരം ആഹാരവും നല്‍കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ, ആവശ്യമായ രേഖകളുമായി എത്തുന്ന യഥാര്‍ത്ഥ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും, ഒരു രേഖയുമില്ലാതെ അനധികൃതമായി എത്തുന്നവരെയാണ് എതിര്‍ക്കുന്നതെന്നും ചില പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതില്‍ വംശീയ വിദ്വേഷത്തിന്റെ പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഫാമിലി ഹോമുകളും അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള ഇടങ്ങളാക്കി മാറ്റാന്‍ ഒരുങ്ങുമ്പോള്‍ എതിര്‍പ്പിന് ശക്തി വര്‍ദ്ധിക്കുകയാണ്.
Be the first to comment