മിഡ്ജേർണിയുമായി കൈകോർത്ത് മെറ്റ: ഇമേജ്, വീഡിയോ ജനറേഷന് പുതിയ എഐ മോഡൽ വരുന്നു

ഹൈദരാബാദ്: ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ പുതിയ എഐ മോഡലുകൾ നിർമിക്കാനൊരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ ലാബായ മിഡ്‌ജേർണിയുമായി സഹകരിച്ചാണ് പുതിയ എഐ മോഡൽ നിർമിക്കുന്നത്. എഐ വീഡിയോ ജനറേഷനും എഐ ഇമേജ് ജനറേഷനും സൃഷ്‌ടിക്കാവുന്നതായിരിക്കും പുതിയ എഐ മോഡൽ.

ഇതിനായി രണ്ട് കമ്പനികളുടെയും ഗവേഷണ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. മിഡ്‌ജേർണിയുടെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാകും പുതിയ എഐ മോഡലിനായി പ്രവർത്തിക്കുക. മെറ്റയുടെ ചീഫ് ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഓഫിസർ അലക്‌സാണ്ടർ വാങ് ഈ പങ്കാളിത്തത്തെ ‘സാങ്കേതിക പങ്കാളിത്തം’ എന്നാണ് ത്രെഡ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.

ഭാവിയിൽ മറ്റ് സാങ്കേതിക കമ്പനികളുമായും പങ്കാളിയാകുമെന്നും വാങ് സൂചിപ്പിച്ചു. ഭാവിയിലെ എഐ മോഡലുകൾക്കും ഉൽപ്പന്നങ്ങൾക്കും വേണ്ടി മിഡ്‌ജേർണിയുടെ സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകുമെന്നും മെറ്റ പ്രഖ്യാപിച്ചു. അതേസമയം മെറ്റയുടെ എഐ ഉപയോക്താക്കൾക്ക് മിഡ്‌ജേർണിയുടെ സാങ്കേതികവിദ്യയിൽ നിന്ന് നേരിട്ട് എഐ ഇമേജുകളോ, എഐ വീഡിയോകളോ നിർമിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

പുതിയ എഐ മോഡലിലേക്കുള്ള അറിവ് പങ്കിടുന്നതിനും സാങ്കേതിക ശേഷി വർധിപ്പിക്കുന്നതിലും മിഡ്‌ജേർണിയുടെ പങ്ക് വാങ് ഊന്നിപ്പറഞ്ഞു.

“ഒരു മികച്ച ഉൽപ്പന്നം നിർമ്മിക്കുന്നതിന് മെറ്റ വ്യത്യസ്‌തമായ ഒരു സമീപനം സ്വീകരിക്കേണ്ടിവരും. ലോകോത്തര പ്രതിഭകൾ, കമ്പ്യൂട്ടിങ് റോഡ്‌മാപ്പ്, വ്യവസായത്തിലെ ഏറ്റവും മികച്ചവരുമായുള്ള സഹകരണം എന്നിവ ഈ സമീപനത്തിന്‍റെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു.

“ഈ പങ്കാളിത്തം അവരുടെ സാങ്കേതികവിദ്യയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കും” എന്നാണ് മിഡ്‌ജേർണിയുടെ സിഇഒ ഡേവിഡ് ഹോൾസ് പറഞ്ഞത്. ഇതിന് മെറ്റ കമ്പനിക്ക് യാതൊരു ഓഹരിയും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരില്ലാതെ, സമൂഹത്തിന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ ലബോറട്ടറി തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റ പിന്നിലോ?
ഗൂഗിൾ ജെമിനി, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി തുടങ്ങിയ ആർടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ മെറ്റ ഇമേജ് ജനറേഷൻ മേഖലയിൽ അൽപ്പം പിന്നിലാണ്. മാത്രമല്ല, ഒരു എഐ വീഡിയോ ജനറേഷൻ ടൂളും പുറത്തിറക്കാൻ മെറ്റയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണിലാണ് മിഡ്‌ജേർണിതങ്ങളുടെ ആദ്യ വീഡിയോ ജനറേഷൻ മോഡൽ വി1 പുറത്തിറക്കിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*