മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുത്തലുകളുണ്ടെങ്കിലോ, ആരെയെങ്കിലും നീക്കം ചെയ്യുകയോ പുതിയതായി ഉള്‍പ്പെടുത്തുകയോ വേണമെങ്കിലും അതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒമാര്‍ക്കും പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം. നവജാതശിശുക്കളെ ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവര്‍ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോര്‍ട്ടലിലെ ആശ്രിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. തിരുത്തല്‍ വരുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒത്തുനോക്കണം.

അനുവദിച്ച സമയത്തിനുള്ളില്‍ തിരുത്തി, വെരിഫൈ ചെയ്ത ശേഷവും സാങ്കേതികപ്പിഴവു കാരണം മെഡിസെപ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 18000 425 1857 എന്ന ടോള്‍ഫ്രീ നമ്പറിലോ info.medisep @kerala.gov.in എന്ന മെയിലിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*