കേരളത്തിലേക്ക് എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ് , കേന്ദ്രം ഗുരുഗ്രാമില്‍

കേരളത്തിലേക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പോലീസ് . ഡല്‍ഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ആദ്യമായാണ് രാസലഹരി ഉല്‍പ്പാദിപ്പിക്കുന്ന കിച്ചനുകള്‍ കണ്ടെത്തുന്നത്.

മലപ്പുറം പുതുക്കോട്ട് സ്വദേശിയെ വില്‍പനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് ടൗണ്‍ പോലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി മയക്കുമരുന്ന് വാങ്ങിയത് നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണെന്നും, മറ്റ് രണ്ട് നൈജീരിയന്‍ സ്വദേശികള്‍ക്ക് ഇയാള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടന്നും, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് അവര്‍ പണം പിന്‍വലിച്ചത് എന്നും മനസ്സിലാക്കി, അവരുടെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരം ഹരിയാന പൊലീസിനു കൈമാറി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാന പോലീസ് നൈജിരിയക്കാര്‍ താമസിക്കുന്ന ഗുരുഗ്രാമില്‍ എത്തുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു.

റെയ്ഡില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ അനധികൃതമായി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയന്‍ സ്വദേശികളും, ഒരു നേപ്പാള്‍ സ്വദേശിയും, ഒരു മിസ്സോറാം സ്വദേശിനിയും ഉള്‍പ്പെടെ 8 പേരെ അറസ്റ്റ് ചെയ്യുകയും, ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും 1.60 കിലോ സള്‍ഫ, 904 ഗ്രാം കൊക്കെയ്ന്‍, 2.34 കിലോ അസംസ്‌കൃത കൊക്കെയ്ന്‍, 7,500 രൂപ, 42 മൊബൈല്‍ ഫോണുകള്‍, 3 ഇലക്ട്രോണിക് തുലാസുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവ കണ്ടെത്തുകയുമായിരുന്നു. കേരള പോലീസ് അന്വേഷണസംഘം കോഴിക്കോട് ടൗണ്‍ കേസില്‍ ഉള്‍പ്പെട്ട ഉഗോചുക്വു ജോണ്‍ ഡേവിഡ്, ഹെന്റി ഒനുചുക്വു, ഒകോലി റൊമാനസ് എന്നെ നൈജീരിയന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*