
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. 10ദിവസം നീളുന്ന ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നമ്മെ പ്രായസത്തിലാക്കാനുള്ള നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനതലത്തില്‍ 1800 കേന്ദ്രങ്ങളിലാണ് ഓണച്ചന്ത ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. വെളിച്ചെണ്ണ ഒരു ലിറ്ററിന് 339 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുക. പഞ്ചസാര 34.65 രൂപ, ജയ അരി/ കുറുവ അരി/ കുത്തരി (8 കിലോ ) 264 രൂപ നിരക്കില്‍ ലഭിക്കും.
മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും കണ്‍സ്യൂമര്‍ഫെഡ് ചന്തകളില്‍ ലഭ്യമാകും. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സി പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണനത്തിന് എത്തിയത്. ഒരുദിവസം 75 പേര്‍ക്ക് വിതരണം ചെയ്യും.
തിരക്ക് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം. തിരുവനന്തപുരം 160, കൊല്ലം 167, പത്തനംതിട്ട 107, ആലപ്പുഴ 118, കോട്ടയം 114, ഇടുക്കി 84, എറണാകുളം 173, തൃശൂര്‍ 168, പാലക്കാട് 100, മലപ്പുറം 126, കോഴിക്കോട് 170, വയനാട് 22, കണ്ണൂര്‍ 145, കാസര്‍കോട് 85 എന്നിങ്ങനെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
Be the first to comment