യു കെയിലെ ജനപ്രിയ ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ശൃംഖല ‘ബോഡി കെയർ’ അടച്ചു പൂട്ടലിന്റെ വക്കിൽ

യു കെ: യു കെയിലെ ജനപ്രിയമായ ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ശൃംഖല അടച്ചു പൂട്ടലിന്റെ വക്കിലെന്ന് റിപ്പോർട്ട്. 1500 ഓളം പേരുടെ തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 149 സ്റ്റോറുകളും അടച്ചുപൂട്ടേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെപോയ ശൃംഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുനസംഘടനാ വിദഗ്ധരായ ഇന്റര്‍പാത്ത്, ബോഡികെയര്‍ ഉടമകളായ ബാജ് ക്യാപിറ്റലുമായി കമ്പനിക്ക് പുതിയ ഒരു ഉടമയെ കണ്ടെത്തുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുമുണ്ട്.

ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന് കൂടുതല്‍ സമയം തേടുന്നതിനായി ജാസ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ ശൃംഖലയുടെ കൈവശമുള്ള സ്റ്റോക്കിന്റെ ജാമ്യത്തില്‍ 7 മില്യന്‍ പൗണ്ട് സ്വരൂപിച്ചിരുന്നു. ലോറീയൽ, എലിസബത്ത് ആര്‍ഡെന്‍, നിവിയ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഏറെ  പ്രശസ്തമായ ബോഡികെയര്‍, കോവിഡ് പ്രതിസന്ധി എത്തുന്നതുവരെ ലാഭത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായമുണ്ടായിട്ടുകൂടി ഇവര്‍ക്ക് കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനായില്ല.

ശൃംഖല വാങ്ങാന്‍ ഒരാളെ കണ്ടെത്താനായില്ലെങ്കില്‍, അടുത്തയാഴ്ച തന്നെ ബോഡികെയര്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍, ഇത് തുടര്‍ന്ന് കൊണ്ടു പോകണമോ, അടച്ചു പൂട്ടണമോ എന്ന കാര്യം അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കും. അടച്ചു പൂട്ടിയാല്‍ തൊഴില്‍ നഷ്ടമുണ്ടാകും എന്ന് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ഗിഫ്റ്റ് കാര്‍ഡുകളും ഉപയോഗശൂന്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*