
കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷിക്കുന്ന ആവരണങ്ങളായ മെനിഞ്ചസുകളിൽ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗത്തിന് കാരണം. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്.
വൈറൽ, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് സാധാരണമാണെങ്കിലും, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് കൂടുതൽ അപകടകരവും ചികിത്സിച്ചില്ലെങ്കിൽ മാരകവുമാകാം. അതിനാൽ, ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് നിർണായകമാണ്. സമയബന്ധിതമായ ചികിത്സ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
കുട്ടികളിലെ മെനിഞ്ചൈറ്റിസ് തിരിച്ചറിയാൻ തുടക്കത്തിൽ പ്രയാസമാണ്, കാരണം ഇതിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ പനി പോലെയോ മറ്റ് അണുബാധകൾ പോലെയോ തോന്നാം.
ഉയർന്ന പനി
മെനിഞ്ചൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി. സാധാരണ പനിക്കുള്ള മരുന്നുകളോട് ഇത് പ്രതികരിക്കാറില്ല.
തലവേദന
മുതിർന്ന കുട്ടികൾക്ക് കഠിനമായ തലവേദന ഉണ്ടാകാം, അത് സമയമനുസരിച്ച് കൂടാനും സാധ്യതയുണ്ട്. എന്നാൽ, കൈക്കുഞ്ഞുങ്ങൾ തലവേദന കാരണം അസാധാരണമായി കരഞ്ഞെന്ന് വരാം.
കഴുത്തിലെ വേദന അല്ലെങ്കിൽ മുറുക്കം
പനി, തലവേദന എന്നിവയോടൊപ്പം കഴുത്തിന് വേദനയോ മുറുക്കമോ ഉണ്ടാകുന്നത് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്. കുട്ടികൾക്ക് തല ചലിപ്പിക്കാൻ പ്രയാസമുണ്ടായിരിക്കാം.
പ്രകാശത്തോടുള്ള സംവേദനക്ഷമത (ഫോട്ടോഫോബിയ)
മെനിഞ്ചൈറ്റിസ് ബാധിച്ച കുട്ടികൾക്ക് വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാകാം.
ഛർദിയും ഓക്കാനവും
തലവേദനയ്ക്കും പനിക്കും ഒപ്പം ഛർദിയും ഓക്കാനവും ഉണ്ടാകുന്നത് സാധാരണമാണ്. ഇതോടൊപ്പം വിശപ്പില്ലായ്മയും ഉണ്ടാകാം.
മയക്കം അല്ലെങ്കിൽ ഉണർത്താനുള്ള ബുദ്ധിമുട്ട്
കുട്ടികളിൽ, പ്രത്യേകിച്ച് കൈക്കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും അസാധാരണമായ മയക്കമോ ഉണർത്താനുള്ള ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അത് രോഗത്തിന്റെ അടയാളമാണ്.
അസാധാരണമായ പെരുമാറ്റം
അമിതമായ ദേഷ്യം, അസ്വസ്ഥത, ആശയക്കുഴപ്പം, അല്ലെങ്കിൽ പ്രതികരണമില്ലായ്മ എന്നിവ രോഗം മൂർച്ഛിക്കുന്നതിന്റെ സൂചനകളാണ്. കൈക്കുഞ്ഞുങ്ങൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അസ്വസ്ഥരായി കാണപ്പെടാം.
ചർമത്തിലെ പാടുകൾ
ചിലതരം ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് (ഉദാഹരണത്തിന്, മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ്) ശരീരത്തിൽ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള ചെറിയ പാടുകളുണ്ടാക്കാം. ഇത് പിന്നീട് വലിയ ചതവുകളായി മാറിയെന്നും വരാം.
അപസ്മാരം
ചിലപ്പോൾ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. ഇത് തലച്ചോറിനെ അണുബാധ കൂടുതൽ ഗുരുതരമായി ബാധിക്കുന്നു എന്നതിന്റെ സൂചനയാണ്.
കൈകാലുകളിലെ തണുപ്പ്
ചിലപ്പോൾ പനിയുള്ളപ്പോഴും കുട്ടികളുടെ കൈകാലുകൾ തണുത്തിരിക്കും. ഇത് ശരീരത്തിലെ രക്തയോട്ടത്തെ രോഗം ബാധിച്ചു എന്നതിന്റെ സൂചനയാണ്.
കൈക്കുഞ്ഞുങ്ങളിലെ ലക്ഷണങ്ങൾ
ചെറിയ കുട്ടികളിൽ ലക്ഷണങ്ങൾ ചിലപ്പോൾ വളരെ സൂക്ഷ്മമായിരിക്കും:
- ഭക്ഷണം കഴിക്കാൻ മടി
- അസാധാരണമായി, ഉയർന്ന ശബ്ദത്തിലുള്ള കരച്ചിൽ.
- തലയിലെ മൃദുവായ ഭാഗം (ഫോണ്ടാനൽ) പുറത്തേക്ക് തള്ളി നിൽക്കുക.
- ശരീരത്തിന് അയവ് അല്ലെങ്കിൽ മുറുക്കം.
പ്രതിരോധം
- വാക്സിനേഷൻ: ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് തടയാനുള്ള ഏറ്റവും നല്ല മാർഗമാണിത്. പ്രധാന വാക്സിനുകൾ:
- മെനിംഗോകോക്കൽ വാക്സിൻ.
- ന്യൂമോകോക്കൽ വാക്സിൻ.
- ഹിബ് വാക്സിൻ.
- ശുചിത്വം: കൈകൾ വൃത്തിയാക്കാനും മറ്റുള്ളവരുടെ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്നത് ഒഴിവാക്കാനും കുട്ടികളെ പഠിപ്പിക്കുക. ഇത് വൈറൽ മെനിഞ്ചൈറ്റിസ് തടയാൻ സഹായിക്കും.
- സമയബന്ധിതമായ ചികിത്സ: അണുബാധകൾക്ക് പെട്ടെന്ന് ചികിത്സ തേടുന്നത് മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യത കുറയ്ക്കും.
മെനിഞ്ചൈറ്റിസ് വളരെ വേഗത്തിൽ മൂർച്ഛിക്കാം. മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന പനിയോടൊപ്പം കഴുത്തിലെ മുറുക്കമോ ഉണ്ടെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നുവോ, അത്രയും വേഗത്തിൽ കുട്ടിക്ക് പൂർണമായി സുഖം പ്രാപിക്കാൻ കഴിയും.
Be the first to comment