
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാം.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സപ്തംബര്‍ 20 ന് സമാരംഭിച്ച് ഒക്ടോബര്‍ 20 ഓടുകൂടി പൂര്‍ത്തിയാകുന്ന രീതിയിലാണ് വികസന സദസ് സംസ്ഥാനമൊട്ടാകെ നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 250-350 പേരെയും നഗരസഭ കോര്‍പ്പറേഷനുകളില്‍ 750-1000 പേരെയും വികസന സദസില്‍ പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ വാര്‍ഡുകളില്‍ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഹാള്‍/ കെട്ടിടം ഉണ്ടെങ്കില്‍ അതിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ, ലഘുഭക്ഷണം എന്നിവ നല്‍കേണ്ടതാണ്. ഉച്ചയോടു കൂടി പൂര്‍ത്തിയാകുന്ന തരത്തിലായിരിക്കണം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കേണ്ടത് – ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികള്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍ എന്നിവരെയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്. വികസന സദസ്സിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ ഉദ്ഘാടന സമ്മേളനത്തിനായി വിനിയോഗിക്കാം. അതത് തദ്ദേശസ്ഥാപനത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ പ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഈ വേളയില്‍ പ്രകാശനം ചെയ്യേണ്ടതാണ്. കൂടാതെ, അതിദാരിദ്യ നിര്‍മ്മാര്‍ജ്ജനം/ ലൈഫ് മിഷന്‍ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടു നല്‍കിയവര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ വികസന 53 സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ഈ വേദിയില്‍ ആദരിക്കും.ഉദ്ഘാടന സമ്മേളനത്തിനുതുടര്‍ന്നുള്ള 20 മിനിട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോ/ പ്രസന്റേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിശീലനം നല്‍കിയ റിസോഴ്‌സ് പേഴ്‌സണ്‍ അവതരിപ്പിക്കാനും നിര്‍ദേശമുണ്ട്.
Be the first to comment