ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; സച്ചിദാനന്ദ സ്വാമി

പുണ്യാഹം നടത്തുന്നതിന് പകരം ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കുകയാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചെയ്യേണ്ടതെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും ഒരാഴ്ച്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ കണ്ടൻ്റ് ക്രിയേറ്ററും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹവും ശുദ്ധികര്‍മവും നടത്തിയത്. ആചാരലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികര്‍മങ്ങളാണ് നടന്നത്. ഇതിൻ്റെ ഭാഗമായി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവര്‍ത്തിച്ചിരുന്നു.

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺ കുമാറാണ് പൊലീസിൽ പരാതി നൽകിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*