വിദേശത്ത് നിന്ന് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ നിരക്ക് കൂടുന്നു; ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്

വിദേശങ്ങളില്‍ ജോലി നോക്കിയിരുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നതിൻ്റെ നിരക്കുകള്‍ ഉയരുന്നുവെന്ന് ലിങ്ക്ഡ്ഇന്‍ ടാലൻ്റ് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രൊഫഷണലുകളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം ഗള്‍ഫില്‍ നിന്ന് 9800 പ്രൊഫഷണലുകള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കില്‍ കേരള ആഗോള ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

യുകെയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 1600 സ്‌കില്‍ഡ് പ്രൊഫഷണുകള്‍ വീതം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാട്ടിലേക്ക് മടങ്ങിയെത്തി. ഖത്തറില്‍ നിന്നും 1400 പേരും അമേരിക്കയില്‍ നിന്നും 1200 പേരും കേരളത്തിലേക്ക് ഇക്കാലയളവില്‍ തിരിച്ചെത്തി. വിദേശത്ത് നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോയിരുന്നവരും കൂടുതലായി കേരളത്തിലേക്ക് ഇക്കാലയളവില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍, തമിഴ് നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ നിന്ന് ഏകദേശം 7700 പ്രൊഫഷണുകള്‍ നാട്ടിലേക്ക് തിരികെയെത്തി.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രൊഫഷണലുകള്‍ കൂടുതലായി ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം മുതലായ മേഖലകളിലാണ് പുതിയ ജോലി നോക്കുന്നത്. നിരവധി പ്രൊഫഷണലുകള്‍ കേരളത്തില്‍ സ്വന്തം സംരംഭങ്ങള്‍ ആരംഭിച്ചു. മറ്റിടങ്ങളിലെ ജോലി സമ്മര്‍ദം, വീട്ടുകാരോടുള്ള അടുപ്പം, വര്‍ക്- ലൈഫ് ബാലന്‍സ് മുതലായവ കണക്കിലെടുത്താണ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങുന്നതെന്നും റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*