
തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം.
തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിൻ്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.
ഉത്രാടം ദിവസം മഹാബലി തൻ്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിൻ്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉത്രാടം ഓണാഘോഷങ്ങളുടെ മംഗളമായ ആരംഭദിനം ആണ് എന്ന് പറയാം.
Be the first to comment