വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ ഒരുങ്ങി ബ്രിട്ടൻ. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതിനു പുറമെ,  ഗ്രാഡ്വേറ്റ് വിസ കാലാവധി രണ്ട് വര്‍ഷം എന്നതില്‍ നിന്നും ഒന്നര വര്‍ഷമായി ചുരുക്കും. അതോടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍  തൊഴില്‍ ചെയ്യുവാനും അല്ലെങ്കില്‍ തൊഴില്‍ അന്വേഷിക്കുവാനും രണ്ട് വര്‍ഷം സമയം ലഭിച്ചിരുന്നത് ഇനിമുതല്‍ ഒന്നര വര്‍ഷമായി കുറയും. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറയും.

അതോടൊപ്പം വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിന് മേല്‍ പുതിയ ലെവി ചുമത്തും. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ ബ്രിട്ടനിലേക്കുള്ള വരവ് മന്ദഗതിയിലാക്കും എന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അങ്ങനെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ തടയുന്നത് ബ്രിട്ടീഷ് നഗരങ്ങളെ, പ്രത്യേകിച്ചും യൂണിവേഴ്സിറ്റികള്‍ സ്ഥിതിചെയ്യുന്ന നഗരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*