
ന്യഡൽഹി: യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ പട്ടികയിൽ മോദിയുടെ പേരില്ല. യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനം സെപ്‌തംബർ ഒൻപതിനാണ് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ആരംഭിക്കുക.
ഇന്ത്യയെ പ്രതിനിധീകരിക്കാൻ മന്ത്രി
പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു ‘മന്ത്രി’ എന്നാണ് പ്രഭാഷകരുടെ പുതുക്കിയ പട്ടികയിലുള്ളത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ 27 -നാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടികയില്‍ സെപ്റ്റംബർ 26 ന് മോദി അഭിസംബോധന ചെയ്യുമെന്നുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം താരിഫുമായിബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്തങ്ങള്‍ക്കിടെയാണ് മോദി അമേരിക്കന്‍ സന്ദര്‍ശനം ഒഴിവാക്കിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെ അദ്ദേഹം അമേരിക്കയിലേക്ക് പോവുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കാണുമെന്നും സൂചനയുണ്ടായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനം
പൊതു ചർച്ചകൾ സെപ്‌തംബർ 23 മുതൽ 29 വരെ നടക്കും. സമ്മേളനങ്ങളിലെ ആദ്യ പ്രഭാഷകരായ ബ്രസീൽ ചർച്ചകൾക്ക് തുടക്കം കുറിക്കും. സമ്മേളനത്തിലും തുടർന്നുള്ള ചർച്ചകളിലും അമേരിക്ക പങ്കെടുക്കും. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 23-ന് പൊതുസമ്മേളന വേദിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരം ഏറ്റതിനു ശേഷമുള്ള ഐക്യരാഷ്‌ട്ര സഭയുടെ ആദ്യത്തെ പൊതു സമ്മേളനമാണിത്.
അതേസമയം ഇസ്രയേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിലെ പൊതുചർച്ചയെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്രസഭയിൽ പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പട്ടിക താൽക്കാലികമാണ്. ഉന്നതതല ചർച്ചകളുടെ ഷെഡ്യൂളുകളിലും പ്രഭാഷകരുടെ പട്ടികയിലും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണെന്നും റിപ്പോർട്ട്.
ഇസ്രയേൽ-പലസ്‌തീൻ, റഷ്യ- യുക്രെയ്‌ൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്‌ട്രസഭയുടെ ഈ വർഷത്തെ വാർഷിക സമ്മേളനം. ‘ഒരുമിച്ച് മെച്ചപ്പെടാം: സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവയ്ക്കായി 80 വർഷവും അതിലധികവും’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം.
“ബീജിങ് പ്രഖ്യാപനത്തിലെ ലിംഗസമത്വവും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, അവ കൈവരിക്കാനുള്ള പ്രവർത്തന വേദിയുടെ പുനർസമർപ്പണം, നടപ്പാക്കൽ ത്വരിതപ്പെടുത്തൽ” എന്ന വിഷയത്തിൽ ഒരു ഉന്നതതല യോഗം ചേരും.
1995-ൽ ബീജിങ്ങില്‍ നടന്ന സമ്മേളനത്തിനു ശേഷമുള്ള പുരോഗതി ലോകമെമ്പാടും ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിലെ നേട്ടങ്ങൾ, പോരായ്‌മകൾ, നിലവിലുള്ള വെല്ലുവിളികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുസ്ഥിരവും സമഗ്രവുമായ ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ഉച്ചകോടി, സാംക്രമികേതര രോഗങ്ങളും മാനസികാരോഗ്യവും ക്ഷേമവും, നിർമിത ബുദ്ധിയുടെ കടന്നുവരവിനെക്കുറിച്ചുള്ള ആഗോള ചർച്ചയുടെ തുടക്കം, ആണവായുധങ്ങളുടെ സമ്പൂർണ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം, മ്യാൻമറിലെ റോഹിംഗ്യൻ അഭയാർഥികളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നിലവിലെ സ്ഥിതി എന്നിവയാണ് ഈ ആഴ്‌ചയിൽ നടക്കുന്ന മറ്റ് ഉന്നതതല യോഗങ്ങൾ.
Be the first to comment