‘ഞാനാണെങ്കില്‍ അങ്ങനെ ചെയ്യില്ല’, മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച സതീശനെ വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനം വിവാദമായിരിക്കെ, മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് കെപിസിസി മുന്‍ അധ്യക്ഷ കെ സുധാകാരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ലോക്കപ്പ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം വി ഡി സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു, താനാണെങ്കില്‍ അങ്ങനെ ചെയ്യില്ലെന്നും മോശമായിപ്പോയെന്നും സുധാകരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കെ സുധാകരനാണെങ്കില്‍ ഇത്തരത്തില്‍ ചെയ്യില്ലെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം

അതേസമയം കസ്റ്റഡി മര്‍ദനത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പിടുകയോ, സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. നടപടിയെടുക്കില്ലെങ്കില്‍ അദ്ദേഹം പറയട്ടെ. അപ്പോള്‍ എന്താണെന്ന് കാണിച്ചു തരാമെന്നും വിഡി സതീശന്‍ പറഞ്ഞു.

സുജിത്തിനെ കാമറ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ചൂരല്‍ ഉപയോഗിച്ച് കാലിന് അടിയില്‍ 15 തവണ അടിച്ചു. പിന്നീട് വീണ്ടും മര്‍ദ്ദിച്ചു. കാമറ ഉള്ള സ്ഥലത്തെ മര്‍ദ്ദനം കണ്ടു തന്നെ നമ്മളെല്ലാം ഞെട്ടിയിരിക്കുകയാണ്. ഇതില്‍ നടപടിയില്ല എങ്കില്‍ സര്‍ക്കാര്‍ പറയട്ടെ. ഇപ്പോള്‍ എടുത്തതില്‍ കൂടുതലായി ഒന്നും ചെയ്യില്ല എന്നാണോ?. അങ്ങനെയെങ്കില്‍ അതു പറയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പ്രതിപക്ഷം വ്യക്തമാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു

 

Be the first to comment

Leave a Reply

Your email address will not be published.


*