പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെയാണ് ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. അമൽ ബാബുവിനെ മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. അമൽ ബാബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കി. പാർട്ടി അന്വേഷണത്തിൽ അമൽ കുറ്റകാരനല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വിശദീകരണം.

2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്‌ഫോടന ശേഷം ബാക്കിയായ ബോംബുകൾ ഒളിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ പന്ത്രണ്ട് പേരായിരുന്നു പ്രതികൾ.

പക്ഷെ ഡിവൈഎഫ്‌ഐ, സിപിഐഎം നേതൃത്വം പാർട്ടിയുമായി ഇവർക്ക് ബന്ധമില്ലെന്നാണ് വിശദീകരിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*