
ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയര്‍ന്നാലും ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ല. താഴെത്തട്ടിലുള്ള വില്‍പ്പന തൊഴിലാളികളുടെ കമ്മീഷന്‍ തുക കുറയില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. പകരം ഏജന്റുമാരുടെ കമ്മീഷനില്‍ ചെറിയ കുറവ് വരുത്തിയേക്കും. ഓണം ബമ്പര്‍ ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കില്ല. ഇന്നു ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഈ മാസം 22ന് പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വരും. ലോട്ടറി ടിക്കറ്റ് ജി എസ് ടി നിരക്ക് 28 ല്‍ നിന്ന് 40% ആയി ഉയരും. നികുതി വര്‍ദ്ധന ലോട്ടറി വാങ്ങുന്നവരുടെ ബാധ്യതയാക്കി മാറ്റരുത് എന്ന പൊതുവികാരമാണ് ധനമന്ത്രി വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഉയര്‍ന്നത്. രണ്ടുമാസം മുന്‍പാണ് സാധാരണ ലോട്ടറികളുടെ വില 50 രൂപയായി എകീകരിച്ചത്. ഇനിയും ഉടന്‍ തുക വര്‍ദ്ധിപ്പിക്കരുതെന്ന് യോഗത്തില്‍ ആവശ്യമായിരുന്നു. ഈ ആവശ്യം ധനമന്ത്രി അംഗീകരിച്ചു. എന്നാല്‍ ലോട്ടറി ടിക്കറ്റ് വില 50 രൂപ ആക്കിയപ്പോള്‍ ഏജന്റ് മാര്‍ക്ക് നിശ്ചിത ശതമാനം കമ്മീഷന്‍ ഉയര്‍ന്നിരുന്നു. ഇത് വെട്ടിക്കുറയ്ക്കാനാണ് ആലോചന. എന്നാല്‍ സാധാരണ ലോട്ടറി വില്‍പ്പനക്കാരുടെ കമ്മീഷനില്‍ കുറവ് വരില്ല എന്നും മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. അടുത്ത ആശങ്ക ഓണം ബമ്പറില്‍ ആയിരുന്നു.. എന്നാല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിലയും കൂട്ടില്ലെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
ഈ മാസം 27 ന് നറുക്കെടുക്കേണ്ട ഓണം ബമ്പര്‍ ലോട്ടറികള്‍ പൂര്‍ണമായും 21 നു മുന്‍പ് പ്രിന്റിംഗ് പൂര്‍ത്തിയാക്കി ലോട്ടറി ക്ഷേമനിധി ബോര്‍ഡിന് കൈമാറും. അതിനാല്‍ 28 ശതമാനം ജിഎസ്ടി മാത്രമേ ഓണം ബംബര്‍ ലോട്ടറിയില്‍ ഈടാക്കുകയുള്ളൂ. അതിനാല്‍ 500 രൂപയ്ക്ക് തന്നെ 22 ആം തീയതിക്ക് ശേഷവും ഓണം ബമ്പര്‍ വിപണിയില്‍ ലഭിക്കും. സര്‍ക്കാറിന് നഷ്ടമുണ്ടാക്കാതെ ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ മറികടക്കാം എന്നതില്‍ ധനവകുപ്പ് തുടര്‍ച്ചകള്‍ നടത്തും.
Be the first to comment