ദൃശ്യം സിനിമകൾക്ക് ഇത്രയും വലിയ വിജയം നേടാനാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രം ഞാൻ തന്നെ നിർമ്മിച്ചേനേയെന്ന് സംവിധായകൻ ജീത്തു ജോസഫ്. ആസിഫ് അലി നായകനാകുന്ന തൻ്റെ പുതിയ ചിത്രം മിറാഷിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിൻ്റെ കമന്റ്.
“ദൃശ്യം ഒരു മികച്ച ചിത്രമാകുമെന്ന് കരുതി തന്നെയാണ് ഞാൻ ചിത്രം തുടങ്ങിയത്, എന്നാൽ ഇത്ര വലിയൊരു തലത്തിലേക്ക് പോകുമെന്ന് വിചാരിച്ചില്ല. വിചാരിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ചിത്രം നിർമ്മിക്കത്തില്ലായിരുന്നോ? എൻ്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ എനിക്കുള്ള പരമാവധി പ്രതീക്ഷ, ആളുകൾ കണ്ടിട്ട് അതൊരു നല്ല ചിത്രമെന്ന് പറയണം എന്നാണ്, കൂടാതെ തൻ്റെ പണം നഷ്ടപ്പെട്ടിട്ടില്ലന്ന് പ്രൊഡ്യൂസർ പറയണം അത്രേയേയുള്ളൂ” ജീത്തു ജോസഫ് പറയുന്നു.
ഈ മാസം തന്നെ ദൃശ്യത്തിൻ്റെ മൂന്നാം ഭാഗത്തിൻ്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തൊടുപുഴയിലെ ലൊക്കേഷനിൽ ചിത്രത്തിൻ്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഒരു ത്രില്ലറല്ല മറിച്ച് ഡ്രാമയാണെന്നാണ് ജീത്തു ജോസഫ് ചിത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.
“ജോർജ്കുട്ടിയെന്ന കഥാപാത്രത്തിൻ്റെ വളർച്ച വളരെ സ്വാഭാവികമായി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അല്ലാതെ മോഹൻലാൽ എന്ന നടൻ്റെ / താരത്തിൻ്റെ നിഴൽ അതിൽ വീഴരുത്. ദൃശ്യം 2 വിന് 4 വർഷത്തിന് ശേഷമുള്ള സംഭവങ്ങളാണ് മൂന്നാം ഭാഗത്തിൽ പ്രധാമായും ഉള്ളത്” ജീത്തു ജോസഫ് പറഞ്ഞു.



Be the first to comment