കാന്താര-2 പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് ഫിയോക്ക്; ചിത്രം ഒക്ടോബര്‍ 2ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും

ഹോംബാലെ ഫിലിംസിൻ്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്‍വലിച്ചു. ഫിലിം ചേമ്പറിൻ്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. 

സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.

2022ല്‍ ഋഷഭ് ഷെട്ടി സംവിധാനത്തില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബര്‍ 2ന് റിലീസ് ചെയ്യും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ തന്നെ റിലീസ് വിലക്ക് പിന്‍വലിച്ചത് പ്രേക്ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*