
ഓപ്പറേഷൻ ടേബിളിൽ രോഗിയെ മയക്കിക്കിടത്തി നഴ്സുമായി ലൈംഗികബന്ധത്തിലേർപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയായ ഡോക്ടർ കുറ്റക്കാരനാണെന്ന് യുകെയിലെ മെഡിക്കൽ ട്രൈബ്യൂണൽ ഗ്രേറ്റർ മാഞ്ചെസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിലാണ് സംഭവം. ഡോക്ടറും നഴ്സുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മറ്റൊരു നഴ്സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
44കാരനായ പാക്കിസ്ഥാൻ സ്വദേശി സുഹൈൽ അൻജും കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2023 സെപ്റ്റംബറിൽ നടന്ന ഈ സംഭവം ഒരു ഫിറ്റ്നസ് ടു പ്രാക്ടീസ് ഹിയറിങ്ങിലാണ് വാർത്തയാവുന്നത്. സംഭവത്തിനു ശേഷം പാക്കിസ്ഥാനിൽ താമസിക്കുകയായിരുന്ന ഡോക്ടർ അൻജും യുകെയിൽ വീണ്ടും ജോലിക്ക് അപേക്ഷിച്ചതിനെത്തുടർന്നാണ് ഹിയറിങ് വന്നത്. മാഞ്ചസ്റ്ററിൽ നടന്ന ഹിയറിങ്ങിൽ ജനറൽ മെഡിക്കൽ കൗൺസിൽ അൻജുമിനെതിരെ ഹാജരാക്കിയ തെളിവുകൾ ഡോക്ടർ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല തൻ്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും സമ്മതിച്ചു.
കൺസൽട്ടന്റ് അനസ്തെറ്റിസ്റ്റായ തനിക്ക് ഒരു ഇടവേള വേണമെന്നാവശ്യപ്പെട്ടാണ് ഓപ്പറേഷൻ ടേബിളിലെ രോഗിയെ മറ്റൊരു നഴ്സിനോട് നോക്കാനാവശ്യപ്പെട്ട് ഡോക്ടർ മറ്റൊരു തിയറ്ററിലേക്ക് പോയത്. ഏകദേശം എട്ടുമിനിറ്റോളം മാറിനിന്ന ഡോക്ടർ അഞ്ജും മറ്റൊരു നഴ്സുമായി ശാരീരികബന്ധത്തിലേർപ്പെടുന്നത് സഹപ്രവർത്തക കാണുകയായിരുന്നു. ശേഷം തിരികെ വന്ന് തന്റെ ജോലികൾ പൂർത്തിയാക്കിയെന്നും ട്രൈബ്യൂണൽ പറയുന്നു. അതേസമയം സെപ്റ്റംബർ 16ന് അനസ്തെറ്റിസ്റ്റ് എന്ന നിലയിൽ അഞ്ചു കേസുകളാണ് ഡോക്ട്ടർ അൻജുമിന് അറ്റൻഡ് ചെയ്യാനുണ്ടായിരുന്നത്. എന്നാൽ മൂന്നാമത്തെ രോഗിയെ തിയറ്ററിലാക്കിയ സമയത്താണ് ഇയാൾ ഇടവേളയെടുത്തു പോയതെന്ന് ട്രൈബ്യൂണൽ പ്രതിനിധി ആൻഡ്രൂ മോളോയ് പറയുന്നു.
ഡോക്ട്ടർ ഇല്ലാതിരുന്ന സമയത്ത് ടേബിളിലുണ്ടായിരുന്ന രോഗിക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ പോലും ഡോക്ടറുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ട്രൈബ്യൂണൽ കണ്ടെത്തി. യുകെയിൽ തൻ്റെ കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചെയ്തുപോയ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഡോ അഞ്ജും ട്രൈബ്യൂണലിനോട് പറഞ്ഞു. തന്റെ തെറ്റ് സമ്മതിക്കുന്നുവെന്നും സഹപ്രവർത്തകർക്കും ആശുപത്രിക്കും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ് താൻ സൃഷ്ടിച്ചതെന്നും ഇയാൾ സമ്മതിക്കുന്നു.എല്ലാവരോടും താൻ മാപ്പ് ചോദിക്കുന്നുവെന്നും ഡോക്ടർ പറയുന്നു.
കുടുംബത്തിൽ സമ്മർദ്ദം നിറഞ്ഞ ഒരു സാഹചര്യത്തിലായിരുന്നു ആ തെറ്റ് സംഭവിച്ചതെന്നും തൻ്റെ മകളുടെ മാസം തികയാത്ത ജനനത്തിനു ശേഷം ഭാര്യയുമായി ദമ്പതികളെന്ന രീതിയിൽ ബന്ധപ്പെടാൻ കഴിയാതെ വന്ന സാഹചര്യമായിരുന്നുവെന്നാണ് ഡോക്ടർ ട്രൈബ്യൂണലിനു മുൻപിൽ നൽകിയ കാരണം. കേസിലെ വാദം വെള്ളിയാഴ്ച്ച തുടങ്ങാനിരിക്കേയാണ് ഡോക്ടറുടെ കുറ്റസമ്മതം.
Be the first to comment