റഷ്യയില്‍ ഹിന്ദിക്ക് വന്‍ ‘ഡിമാന്‍ഡ്’; പഠിക്കാന്‍ അവസരമൊരുക്കി കോളജുകള്‍

മോസ്‌കോ: സോവിയറ്റ് യൂണിയന്‍ കാലത്തിന് സമാനമായി റഷ്യയില്‍ ഹിന്ദിയോടുള്ള താത്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദിയുടെ സ്വാധീനം കണക്കിലെടുത്ത് ഭാഷാ പഠനത്തിന് കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം.

റഷ്യയിലുള്ള ഇന്ത്യക്കാര്‍ ഇംഗ്ലീഷിനേക്കാള്‍ ഉപരി ഹിന്ദിയോട് താത്പര്യം കാണിക്കുന്ന പ്രവണതയാണുള്ളത്. ഈ സാഹചര്യത്തില്‍ ആണ് ഹിന്ദി ശാസ്ത്രീയമായി തന്നെ പഠന വിഷയമാക്കാന്‍ റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ആരംഭിച്ചത് എന്നാണ് റിപ്പോട്ടുകള്‍. റഷ്യയിലെ യുവ തലമുറ ഇന്ത്യയെയും രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളും പാരമ്പര്യത്തെയും കുറിച്ച് പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് റഷ്യന്‍ സ്റ്റേറ്റ് യുണിവേഴ്‌സിറ്റി ഓഫ് ഹ്യുമാനിറ്റീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാസിയേവയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓറിയന്‍റല്‍ ഭാഷാ പഠനത്തില്‍ ഹിന്ദിയോടുള്ള താത്പര്യം വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. മോസ്‌കോയില്‍ മാത്രം നിരവിധി സര്‍വകലാശാലകള്‍ ഹിന്ദിയെ മികച്ച രീതിയില്‍ പരിഗണിച്ച് വരുന്നുണ്ട്. എംഐജിഎംഒ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ആര്‍എസ് യുഎച്ച്, മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്, മോസ്‌കോ സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് യൂണിവേഴ്‌സിറ്റി എന്നിവയിലുള്‍പ്പെടെ ഇതിനോടകം ഹിന്ദികോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യയില്‍ ഹിന്ദിയോടുള്ള താത്പര്യം ഗണ്യമായി കുറഞ്ഞിരുന്നു. റേഡിയോ മോസ്‌കോയുടെ ഹിന്ദി പ്രക്ഷേപണങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തുകയും ചെയ്തിരുന്നു. റഷ്യന്‍ സാഹിത്യങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രോഗ്രസ്, റഡുഗ’ തുടങ്ങിയ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടിരുന്നു. മോസ്‌കോയില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ഏറ്റവും പഴയ ബോര്‍ഡിംഗ് സ്‌കൂളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*