പത്തനംതിട്ടയിൽ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം:ചോദ്യം ചെയ്യലിനിടെ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തി ദമ്പതികൾ

പത്തനംതിട്ടയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ ചോദ്യം ചെയ്യലിനിടയിലും വിചിത്രമായ സ്വഭാവ രീതി കാണിക്കുന്നതായി പോലീസ്. ദമ്പതികളായ ജയേഷും രശ്മിയും ചോദ്യം ചെയ്യലിനിടയിൽ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തിയതായി പോലീസ് പറഞ്ഞു. പ്രതിയായ രശ്മിയുടെ ഫോണിൽ നിന്നും ലഭിച്ചത് റാന്നി സ്വദേശിയായ യുവാവിൻ്റെ മർദ്ദന ദൃശ്യങ്ങളാണെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ ആളുകൾ മർദ്ദനത്തിന് ഇരയായതായി പോലീസ് സംശയിക്കുന്നുണ്ടെന്നും ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്താനായിട്ടില്ലയെന്നും പോലീസ് പറഞ്ഞു. രശ്മിയും യുവാവും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു സൂചനയും ഫോണിൽ നിന്ന് ലഭിച്ചില്ലയെന്നും പോലീസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ ആറന്മുള പോലീസ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. കഴിഞ്ഞ രണ്ട് ദിവസം നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ആറന്മുള പോലീസ് എസ് പി അറിയിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കോഴഞ്ചേരിയില്‍ തിരുവോണ ദിവസമാണ് യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് അറിയുന്നത്. ഇന്നലെ തന്നെ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുകൊണ്ടുള്ള ക്രൂരത. ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിപോ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദ്ദിച്ചത്.

റാന്നി സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കില്‍ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂരമര്‍ദനം. യുവാവിൻ്റെ  കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും 17,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ദമ്പതികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

ദമ്പതികള്‍ ആഭിചാരക്രിയ ചെയ്യാറുണ്ടെന്ന സംശയം ആക്രമണത്തിന് ഇരയായ യുവാവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഉപദ്രവിക്കുന്നതിന് മുന്‍പ് രശ്മി ഏതോ ശക്തിയോട് സംസാരിക്കുന്നത് പോലെ പെരുമാറുകയും പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കൈകൂപ്പി പിടിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. ആ വീടും അന്തരീക്ഷവും മറ്റൊരു തരത്തിലായിരുന്നുവെന്നും അത് പറഞ്ഞ് മനസിലാക്കാന്‍ കഴിയുന്നതല്ലെന്നും യുവാവ് പറഞ്ഞിരുന്നു.

അതേസമയം പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. തിരുവോണ ദിനത്തില്‍ തന്നെയാണ് ആലപ്പുഴയിലെ മറ്റൊരു യുവാവിനും പ്രതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നതെന്നാണ് വിവരം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാന്‍ തയ്യാറായില്ല, എന്നാല്‍ പത്തനംതിട്ട സ്വദേശി ഉടന്‍ തന്നെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*