‘പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ’; കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പോലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.

കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പോലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജീപ്പില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി. എസ്‌ഐ സ്വാഭാവികമായും ചെറുത്തു. എസ്‌ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പോലീസിനെ അടിച്ചു. അപ്പോള്‍ പോലീസ് കൂടുതല്‍ സ്‌ട്രെങ്ത്ത് ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസുകാര്‍ വന്നിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. അവര്‍ കൊണ്ടുപോയിട്ട് തടവി ബിരിയാണി വാങ്ങിച്ചുകൊടുക്കും എന്ന് വിചാരിക്കുന്നത് ശരിയാണോ. അതുമാത്രമല്ല, 11 കേസിലെ പ്രതിയാണിയാള്‍. പോലീസിനെ തല്ലിതുള്‍പ്പടെ കേസുകളിലെ പ്രതിയാണ് – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിൻ്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പോലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കുകയായിരുന്നു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*