കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായി. നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി റോജി എം ജോൺ രംഗത്തെത്തി. പോലീസ് മർദ്ദനത്തിന് വിധേയനായ ആൾ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന് ലോകപ്പിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രസംഗം റോജി എം. ജോൺ ഓർമ്മിപ്പിച്ചു. പോലീസിനെ ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് കുന്നംകുളത്തെ സുജിത്തിനെ മർദ്ദിച്ചത്. പോലീസിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യാൻ അവകാശമില്ലേ, അതോ രാജഭരണകാലത്തെ പടയാളികളാണോ പോലീസുകാരെന്നും റോജി എം ജോൺ ചോദിച്ചു.

സുജിത്തിനെ വാഹനത്തിനുള്ളിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചു. ആദ്യത്തെ അടിയിൽ തന്നെ ബോധം പോയി. കാൽപാദത്തിൽ 15 തവണ അടിച്ചു. അടിച്ച ശേഷം എഴുന്നേറ്റ് ചാടാൻ പറഞ്ഞു. വെള്ളം പോലും നൽകിയില്ല. മർദ്ദനശേഷം സുജിത്തിനെ ജയിലിൽ അടയ്ക്കാൻ പോലീസ് ഗൂഢാലോചന നടത്തി. സംഭവം പുറത്തുവന്നിട്ടും എന്ത് നടപടിയെടുത്തു സസ്പെൻഷൻ ഒരു നടപടിയല്ലെന്നും റോജി എം ജോൺ വിമർശിച്ചു.

മർദ്ദനത്തിൻ്റെ വിഡിയോ പുറംലോകം കണ്ടതിന്റെ ജാള്യത മറയ്ക്കാനാണ് സസ്പെൻഷൻ. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പോലീസ് ക്ലബ്ബിലെ പഞ്ചിംഗ് ബാഗിൽ ഇടിക്കുന്നത് പോലെ ഇടിച്ചു .നാലു പോലീസുകാരും പോലീസ് സേനയ്ക്ക് അപമാനമാണ്. ഉദ്യോഗസ്ഥരെ പോലീസിൽ നിന്നും നീക്കം ചെയ്യണം. കേസ് ഒതുക്കാൻ 20 ലക്ഷം വരെ നൽകാമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ജനകീയ സേന എന്ന് പറഞ്ഞ പോലീസ് സിസിടിവിക്ക് മുന്നിൽ കാശ് എണ്ണി വാങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും റോജി എം ജോൺ പറഞ്ഞു.

പോലീസ് കാടത്തം കാട്ടുന്നു. മുഖത്ത് മുളക് സ്പ്രേ തേക്കുന്നത് പോലെയുള്ള കാടത്തം കാട്ടാൻ ആരാണ് പോലീസിനെ പഠിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതികളെല്ലാം പഴയതാണെന്ന് പറഞ്ഞ് തള്ളുകയാണ്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി വരെ പോലീസിനെ തള്ളിപ്പറഞ്ഞു. ജനം കയ്യിലെടുത്താൽ കളി മാറുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിക്ക് പറയേണ്ടിവന്നു.

പോലീസിൻ്റെ അധപതനത്തിന് കാരണം മുഖ്യമന്ത്രി തന്നെയാണ്. പോലീസ് കൊള്ളരുതായ്മകൾ ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്നു. പാർട്ടിക്കും മുഖ്യമന്ത്രിക്കും വിനീത വിധേയരായവർക്ക് എന്തും ചെയ്യാം. പോലീസിൻ്റെ കടിഞ്ഞാൺ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണം. മുഖ്യമന്ത്രി ക്ലീഷേ മറുപടികൾ പറയരുതെന്നും റോജി എം ജോൺ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*