ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ റഫറിയെ മാറ്റണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി ഐസിസി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യമാണ് ഐസിസി ഔദ്യോഗികമായി തള്ളിയത്. ആൻഡി പൈക്രോഫ്റ്റിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. ഹസ്തദാന വിവാദത്തിൽ ആൻഡി പക്ഷം പിടിച്ചെന്നും മാച്ച് റഫറിയേ മാറ്റണം എന്നുമായിരുന്നു പാകിസ്താൻ്റെ ആവശ്യം.

മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്താൻ വെട്ടിലായി.ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് എന്ത് നിലപാടെടുക്കുന്നുവെന്നതാണ് ഇനി അറിയേണ്ടത്. ഏഷ്യായ കപ്പില്‍ നാളെ നടക്കുന്ന പാക് -യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി പാക് ക്യാപ്റ്റനോട് നിര്‍ദേശിച്ചുവെന്നും മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ പരാതി. ഇന്ത്യ-പാക് മത്സരത്തിലെ ടോസിനുശേഷം സാധാരണഗതിയില്‍ ക്യാപ്റ്റന്‍മാര്‍ നടത്താറുള്ള പതിവ് ഹസ്തദാനം സൂര്യയും സൽമാൻ ആഘയും ഒഴിവാക്കിയിരുന്നു.

മത്സരം പൂര്‍ത്തിയായശേഷവും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി കുറച്ചു നേരം ഗ്രൗണ്ടില്‍ കാത്തു നിന്ന പാക് താരങ്ങള്‍ പിന്നീട് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ വാതിലുകള്‍ അടച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*