അങ്കണവാടിയിൽ കുട്ടികൾക്കൊപ്പം കുശലാന്വേഷണം; ശേഷം കളിപ്പാട്ടം വാങ്ങാൻ നേരിട്ട് കടയിലെത്തി പ്രിയങ്കാ ഗാന്ധി

സുൽത്താൻ ബത്തേരി: അങ്കണവാടിയിലെ കുരുന്നുകൾക്ക് കളിപ്പാട്ടം വാങ്ങാൻ നേരിട്ട് കടയിലെത്തി പ്രിയങ്കാ ഗാന്ധി എം പി. അമ്പലവയൽ പഞ്ചായത്തിലെ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ പ്രിയങ്ക കുട്ടികളുടെ ഇഷ്ട കളിപ്പാട്ടങ്ങൾ ചോദിച്ചറിയുകയായിരുന്നു.

ഓരോ കുട്ടികളും പറഞ്ഞ അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ കുറിച്ചുവെച്ച പ്രിയങ്ക കടയിൽ പോയി അവ വാങ്ങുകയായിരുന്നു. കുട്ടികൾക്കൊപ്പം കളിച്ചും മിഠായി നൽകിയും ഉല്ലസിച്ചാണ് പ്രിയങ്ക അങ്കണവാടിയിൽ നിന്നിറങ്ങിയത്. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. ശേഷമായിരുന്നു ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിൽ നിർത്തി ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തെരഞ്ഞെടുത്തത്. പിന്നീട് അവ കുട്ടികളെ ഏൽപിക്കാൻ നിർദേശവും നൽകി.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ജില്ലാപഞ്ചായത്തംഗം സീതാ വിജയൻ, എം യു ജോർജ്, എം സി കൃഷ്ണകുമാർ, സി ജെ സെബാസ്റ്റ്യൻ, സിഡിപിഒ ആൻ ഡാർളി തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ചെട്ടിയാലത്തൂർ ഉന്നതിയും എം പി സന്ദർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*