
മുംബൈ: ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 27 പൈസയുടെ വര്‍ധന രേഖപ്പെടുത്തി 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. നിലവില്‍ ഒരു ഡോളറിന് 87.82 രൂപ നല്‍കണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച പുനരാരംഭിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.
ഇന്നലെ 88.05 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് രൂപ 88ല്‍ താഴെ വ്യാപാരം ആരംഭിച്ചത്. ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ വരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പണ വായ്പ നയപ്രഖ്യാപനത്തെയും നിക്ഷേപകര്‍ കരുതലോടെയാണ് ഉറ്റുനോക്കുന്നത്. നയപ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറയ്ക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അതിനിടെ ഓഹരി വിപണി രണ്ടാമത്തെ ദിവസവും മുന്നേറ്റം കാഴ്ച വെച്ചു. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് 250ലധികം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തിരിച്ചുപിടിച്ചു. പ്രധാനമായി മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.
Be the first to comment