
നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച. സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. 12 മണി മുതല്‍ ചര്‍ച്ച ആരംഭിക്കും. രണ്ട് മണിക്കൂറാണ് ചര്‍ച്ച.
അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. കേരളത്തെ ആശങ്കപ്പെടുത്തുന്ന രോഗബാധ സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിൻ്റെ വീഴ്ചയാണെന്നും വിമര്‍ശിച്ചു.
പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും, കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡി മര്‍ദ്ദനത്തെപ്പറ്റിയായിരുന്നു ചര്‍ച്ച നടന്നത്. ഇന്നലെ പാലക്കാട് സ്വദേശിയായ 29 കാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
Be the first to comment