സസ്പെൻ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ സഭയിൽ എത്താൻ സഹായിച്ചു; നേമം ഷജീറിനെ കാണാൻ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ്

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല.

ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ താക്കീത് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ സഭയില്‍ വന്നില്ല. ഇന്നും സഭയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭരണപക്ഷം വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പരോക്ഷമായി രാഹുലിനെതിരെയുള്ള പരിഹാസങ്ങള്‍ ഉയര്‍ന്നത്.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയത്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*