ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടും; ഭരണം പിടിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് നിര്‍ദേശം

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായതോടെ ഇടപെടലുമായി ഹൈക്കമാന്റ്. ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും, നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും ഹൈക്കമാന്റ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായൊരു രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമ്പോഴും തമ്മില്‍ പോരടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതതാക്കള്‍ എന്നാണ് എ ഐ സി സിയുടെ വിലയിരുത്തല്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും എ കെ ആന്റണി കഴിഞ്ഞ കുറച്ചുവര്‍ഷമായി തിരുവനന്തപുരത്ത് വിശ്രമത്തിലാണ്. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെങ്കിലും കെ പി സി സി ആസ്ഥാനത്ത് സജീവ സാന്നിദ്ധ്യമാണ് എ കെ ആന്റണി.

മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പറഞ്ഞു തീര്‍ക്കാന്‍ എ കെ ആന്റണിയുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഹൈക്കമാന്റ് തീരുമാനം. പൊലീസ് മര്‍ദന വിഷയവുമായി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കാനായി എ കെ ആന്റണി പത്രസമ്മേളനം വിളിച്ചതും ഇതിന്റെ ഭാഗമായാണ്. മുന്‍മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്റണിയുടെ കാലത്ത് പൊലീസുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിലായിരിക്കും മറുപടി.

കോണ്‍ഗ്രസ് നേതാക്കള്‍ ഏറെക്കുറെ എല്ലാ വിഷയങ്ങളിലും ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് എ ഐ സി സിയെ തുടര്‍ച്ചയായി വെട്ടിലാക്കിയിരിക്കയാണ്. കെ പി സി സി പുന:സംഘടന, ഡി സി സി അധ്യക്ഷന്മാരെ പുനര്‍ നിയമിക്കുന്നത്, എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ സുസജ്ജമാക്കണമെന്നായിരുന്നു തിരെഞ്ഞെടുപ്പ് ഉടന്‍ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പി സി സികള്‍ക്കുള്ള നിര്‍ദേശം. ഗുജറാത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഇക്കാര്യം നേതാക്കളെ നേരിട്ട് അറിയിച്ചതാണ്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി വിവിധ നേതാക്കളുമായി ആശയവിനിമയം തുടരുന്നുണ്ട്. നേതാക്കള്‍ വിവിധ തട്ടുകളിലാണെന്നാണ് അവരുടെ റിപ്പോര്‍ട്ട്. കെ പി സി സി പുനസംഘടനാ ചര്‍ച്ചകളുമായി മുന്നോട്ടുപോവാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുപെട്ടിരിക്കുന്നത്.സതീശനും രമേശ് ചെ്ന്നിത്തലയും രാഹുല്‍ വിഷയത്തില്‍ കൈക്കൊള്ളുന്ന വ്യത്യസ്ഥനിലപാട് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. യുവനേതാക്കള്‍ പലരും വി ഡി സതീശനുമായി അകല്‍ച്ചയിലായി. ഇതെല്ലാം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. വി ഡി സതീശന്‍ ഏകനായി പോരാടുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ അഭിപ്രായം.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികാരോപണത്തില്‍ അകപ്പെട്ട സാഹചര്യവും ഈ വിഷയം കൈകാര്യം ചെയ്ത് രീതിയും ഹൈക്കമാന്റിനെ ചൊടിപ്പിച്ചതായാണ് ലഭ്യമാവുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി യുവനേതാക്കളും മുതിര്‍ന്ന നേതാക്കളും അകലം പാലിക്കുന്നതിലും ഹൈക്കമാന്റിന് ആശങ്കയുണ്ട്. നിലവില്‍ സതീശനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായും പരാതിയുയര്‍ന്നിരിക്കയാണ്.

പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട്, നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാവുമ്പോഴെല്ലാം മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മില്‍ പോരാട്ടത്തിലാണ് നേതാക്കള്‍. പ്രതിപക്ഷനേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന അഭിപ്രായഭിന്നത പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കുന്നത്. പ്രതിപക്ഷനേതാവും കെ പി സി സി അധ്യക്ഷനും തമ്മിലുണ്ടായിരുന്ന വാക്‌പോര് പ്രവര്‍ത്തകര്‍ക്കിടിയിലെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലയിലേക്ക് വളര്‍ന്നു. ഇതോടെയാണ് കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാന്‍ ഹൈക്കമാന്റ് പച്ചക്കൊടി കാണിച്ചത്. യു ഡി എഫ് സംവിധാനത്തില്‍ പ്രധാനമായും രണ്ട് പാര്‍ട്ടികളാണ് ശ്രദ്ധയോടെ നീങ്ങേണ്ടത്. അതില്‍ ഒന്ന് കോണ്‍ഗ്രസും മറ്റേ പാര്‍ട്ടി മുസ്ലിംലീഗുമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ചിട്ടയോടെ പ്രവര്‍ത്തിച്ച യു ഡി എഫിന് കരുത്തായിരുന്നത് ലീഗായിരുന്നു വെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് പാര്‍ട്ടി സഞ്ചമാണെന്ന് സന്ദേശമാണ് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അവസാനിക്കാത്ത ഗ്രൂപ്പിസത്തില്‍ ലീഗ് നേതൃത്വം നിരാശരാണ്. ഒരു ടേംകൂടി അധികാരത്തില്‍ നിന്നും പുറത്തിരിക്കേണ്ടിവന്നാല്‍ ലീഗിന് അണികളെ ഒപ്പം നിര്‍ത്താനാവില്ല. ഇത് അവരെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഒരു ഭാഗത്ത് ബി ജെ പിയും മറുഭാഗത്ത് സി പി എമ്മും സംഘടിതമായ നീക്കം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് തമ്മിലടിയുമായി മുന്നേറുന്നതെന്നത് മുസ്ലിംലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

പൊലീസിന്റെ കസ്റ്റഡി മര്‍ദനം, ആരോഗ്യരംഗത്തെ തുടര്‍ച്ചയായ വീഴ്ചകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭണം സംഘടിപ്പിക്കാനുള്ള സന്ദര്‍ഭമാണിതെന്നും, അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഹൈക്കമാന്റ് നിര്‍ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*