
കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനായി സ്ഥലം നൽകേണ്ട ഭൂവുടമക്ക് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തിൽ ഇടപെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജപ്തി നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. വൃക്ക രോഗിയായ കാനാട് സ്വദേശി നസീറയ്ക്കാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്.
2017ലാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിയത്. റൺവേ വികസനത്തിനായി നസീറയുടേത് ഉൾപ്പടെ 245 ഏക്കർ ഭൂമി ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ തുടർ നടപടി ഒന്നും ഉണ്ടായില്ല. ആർക്കും നഷ്ടപരിഹാരവും ലഭിച്ചില്ല. അതിനിടെ വൃക്ക രോഗിയായ നസീറ ചികിത്സയ്ക്കായി ബാങ്കിൽ നിന്ന് വായ്പ എടുത്തു. നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ. പണം കിട്ടിയില്ലെന്ന് മാത്രമല്ല വിമാനത്താവളത്തിനായി ലിസ്റ്റ് ചെയ്ത സ്ഥലമായതിനാൽ ഭൂമിയും വീടും വിൽക്കാൻ പോലും സാധിക്കുന്നില്ല.
നസീറയുടെ കുടുംബം നേരിടുന്ന ദുരിതം പിന്നാലെ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഇടപെടൽ ഉണ്ടായി. വായ്പ ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. വായ്പ ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നസീറയുടെ ഭൂമി അവർക്ക് തന്നെ കൈമാറണമെന്നാണ് കത്തിലെ ആവശ്യം. ഭൂമി ഏറ്റെടുക്കൽ നടപടി വൈകുന്നതിനാൽ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. വിഷയം ഗൗരവത്തിൽ കണ്ട് നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Be the first to comment