യുഎഇ വീണു, ഏഷ്യകപ്പില്‍ വീണ്ടും ഇന്ത്യ- പാക് പോരാട്ടം

ഏഷ്യകപ്പില്‍ മത്സര ബഹിഷ്‌കരണ നാടകത്തിനിടെ കളിക്കാനിറങ്ങിയ പാകിസ്ഥാന്‍ യുഎഇയെ പരാജയപ്പെടുത്തി സൂപ്പര്‍ ഫോറില്‍. 41 റണ്‍സിനായിരുന്നു പാക് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി.

യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേയില്‍ തിരിച്ചടി നേരിട്ടിരുന്നു. ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാന്‍, സയ്യിം അയൂബ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ നഷ്ടമായത്. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 146 റണ്‍സെടുത്തത്. ഫഖാര്‍ സമാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാനെ 146ലേക്ക് എത്തിച്ചത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. മൂന്നാമത്തെ ഓവറില്‍ സ്‌കോര്‍ 21 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് വീണു. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. ധ്രുവ് പരാഷര്‍ 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ രാഹുല്‍ – ധ്രുവ് സഖ്യം ക്രീസില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ യുഎഇക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫു (12), ക്യാപ്റ്റന്‍ മുഹമ്മദ് വസീം (14) എന്നിവരാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Be the first to comment

Leave a Reply

Your email address will not be published.


*