
ലോകസമ്പന്നരുടെ ഫോർബ്സ് റിയൽടൈം പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യൺ ഡോളർ) ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. പട്ടികയിൽ 752-ാം സ്ഥാനത്താണ് അദ്ദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡിൽ ഈസ്റ്റിൽ മാത്രം 260-ലേറെ റീട്ടെയിൽ സ്റ്റോറുകൾ ലുലുവിനുണ്ട്.
ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമത്. 754-ആം സ്ഥാനത്താണ് ജോയി ആലുക്കാസ്. ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (4 ബില്യൺ ഡോളർ), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4 ബില്യൺ ഡോളർ), കല്യാണ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (3.6 ബില്യൺ ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.6 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.5 ബില്യൺ ഡോളർ), കെയ്ന്‍സ് ഗ്രൂപ്പ് സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ (3 ബില്യൺ ഡോളർ), മുത്തൂറ്റ് ഫിനാൻസിന്റെ പ്രൊമോട്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (2.6 ബില്യൺ ഡോളർ), ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (1.9 ബില്യൺ ഡോളർ), വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ) എന്നിവരാണ് ഫോർബ്സിൻ്റെ ആഗോള റിയൽടൈം സമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.
ആഗോള തലത്തിൽ ടെസ്ല, സ്പേസ്‌എക്‌സ് എന്നിവയുടെ മേധാവി ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. 476.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ആസ്തി. ഓറക്കിൾ സഹസ്ഥാപകനായ ലാറി എലിസൺ (365.4 ബില്യൺ ഡോളർ), മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് (262.7 ബില്യൺ ഡോളർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യക്കാരിൽ 104.9 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64.1 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.
Be the first to comment