‘ വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുന്നു’; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇത് ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തിൻ്റെ തുടക്കം. അത് വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. സ്വന്തം അമ്മാവൻ്റെ വോട്ട് പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കണ്ടെത്തിയതോടെ യാദൃശ്ചികമായാണ് തട്ടിപ്പ് പുറത്ത് വന്നത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വോട്ട് നഷ്ടപ്പെട്ടവരെ വേദിയില്‍ എത്തിച്ചു. കര്‍ണാടകയില്‍ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ അന്വേഷണ സംഘം 18 മാസത്തിനുള്ളില്‍ 18 കത്തുകള്‍ അയച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ നല്‍കിയില്ലെന്ന് രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ വോട്ടര്‍മാരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് മനഃപൂര്‍വ്വം നീക്കം ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദളിതര്‍, ഗോത്ര വിഭാഗത്തില്‍ പെടുന്നവര്‍, ന്യൂനപക്ഷങ്ങള്‍, ഒബിസി തുടങ്ങി പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം ഒഴിവാക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*