
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി എസ് സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം മുന്‍പ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സൂപ്രണ്ട് ചുമതലയുടെ അധികഭാരം ഉള്ളതിനാല്‍ ന്യൂറോസര്‍ജനെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസ്സന് പരസ്യമായി പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഡോ. ബി എസ് സുനില്‍ കുമാര്‍ പ്രതിരോധത്തിലായിരുന്നു. യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണവും തുടര്‍ന്ന് സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താ സമ്മേളനവും ഏറെ വിവാദമായിരുന്നു. ശേഷം സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാത്തത് ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ഹസ്സന് നടത്തിയ പ്രതികരണം ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഡോ. ബി എസ് സുനില്‍ കുമാറിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പലിന് നല്കിയ രാജിക്കത്ത് സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ സര്‍ക്കാര്‍ ഈ രാജി അംഗീകരിക്കാനാണ് സാധ്യത. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ക്കും നിയമസഭയില്‍ ആരോഗ്യമന്ത്രി നല്കിയ മറുപടിക്കും ശേഷം ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Be the first to comment