ബോംബ് വരുന്നുവെന്ന സൂചന കോൺഗ്രസ് നേതാവ് നൽകി; മുതിർന്ന നേതാക്കൾ അറിയാതെ ഒന്നും സംഭവിക്കില്ല: കെ ജെ ഷൈൻ

സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍  പറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി.

‘എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, പതറരുതെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആത്മരതിയില്‍ ആറാടുന്ന മാനസികാവസ്ഥയുള്ളയാളുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ ഒന്നും സംഭവിക്കില്ല. പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഇതെല്ലാം പ്രതീക്ഷിക്കണം’, കെ ജെ ഷൈന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്നെ ഇരയാക്കിയെന്നും അവര്‍ പറഞ്ഞു. ഇത്രയും പ്രായമായ ആളാണ് ഈ രീതിയില്‍ ആരോപണം ഉന്നയിച്ചതെന്നും ഷൈന്‍ പറഞ്ഞു. സൈബര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും ആക്രമണം വന്നപ്പോള്‍ ഭയന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ശൈലജ ടീച്ചര്‍ക്ക് എതിരെ പോലും സൈബര്‍ ആക്രമണം നടന്നു. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല. സ്ത്രീകളെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ആക്രമിക്കുമ്പോള്‍ ഒരു തരം ആത്മസംതൃപ്തിയമാണ് അവര്‍ക്കുള്ളത്’, ഷൈന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വന്ന ജീര്‍ണ്ണതയുടെ ഭാഗമായിയാണ് ഇത്തരം സൈബര്‍ ആക്രമണമെന്ന് പങ്കാളി ഡൈന്യൂസും പ്രതികരിച്ചു. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണങ്ങളില്‍ ആദ്യം മാനസിക ബുദ്ധിമുട്ടുണ്ടായി. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് ജീര്‍ണത സംഭവിച്ചു. പറവൂരിലെ ഒരു വ്യക്തിയുടെ ഫേസ്ബുക്കില്‍ ഈ പോസ്റ്റ് വന്നു. നാളെയും തമ്മില്‍ കാണേണ്ടവരാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ അവര്‍ക്കും മക്കളും ഭാര്യയുമുണ്ട് എന്ന് ഓര്‍ക്കണം’, ഡൈന്യൂസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*