ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം.

വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിന്ന് നാല് കിലോ സ്വര്‍ണം ഹൈക്കോടതി അറിയാതെ, ഉദ്യോഗസ്ഥരറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും മുഴുവന്‍ വിഷമത്തിലാക്കിയ പ്രശ്‌നമാണ്. ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും അവരെ സംരക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടുകൂടി നാല് കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയില്‍ ഇത് അനുവദിക്കില്ല എന്ന് പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഞങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചട്ടം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍, അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തവണ അനുവദിക്കാനാവില്ലെന്ന വിഷയം ഉയര്‍ക്കൊണ്ടുവന്നത്. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതിന്റെ ക്ഷീണവും് , കൊതിക്കെറുവും മൂലമാണ് പ്രതിപക്ഷം ഈ വിഷയം സഭയില്‍ കൊണ്ടുവന്നത്. ആദ്യം ആര്‍എസ്എസുമായി ചേര്‍ന്ന് ആഗോള അയ്യപ്പ സംഗമം തടയും എന്ന് പ്രഖ്യാപിച്ചു. പിന്നീട് ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നടത്താമെന്നു പറഞ്ഞു. ശേഷം സുപ്രീംകോടതിയില്‍ പോയി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ സഭയില്‍ ആര്‍എസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ഇന്ന് എങ്ങനെ ശ്രമിച്ചാലും തള്ളാനിടയുള്ള വിഷയം ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് ഗവേഷണം നടത്തിയാണ് സഭയില്‍ കൊണ്ടുവന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ വിശ്വാസ സമൂഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കാതിരിക്കുന്നതിനുള്ള ജാള്യം മറക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

 

Be the first to comment

Leave a Reply

Your email address will not be published.


*