
ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്പനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. പക്ഷേ പുതുക്കിയ വില മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.
പുതിയ ജിഎസ്ടി നിരക്ക് അനുസരിച്ചുള്ള പരിഷ്‌കരിച്ച എംആര്‍പി പ്രിന്റ് ചെയ്ത പാക്കറ്റുകള്‍ 2026 മാര്‍ച്ച് 31ന് ശേഷം മാത്രം ഉപയോഗിച്ചാല്‍ മതി. ഒരാഴ്ച മുന്‍പ് ഇറങ്ങിയ ഉത്തരവില്‍ ഡിസംബര്‍ 31 വരെ മാത്രമാണ് സമയം അനുവദിച്ചിരുന്നത്. വ്യവസായ രംഗത്ത് നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് പഴയ പാക്കിങ് മെറ്റീരിയലുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സമയം നല്‍കിയത്. നിലവിലെ എംആര്‍പി പ്രിന്റ് ചെയ്ത പാക്കിങ് മെറ്റീരിയലും കവറുകളും മാര്‍ച്ച് 31 വരെയോ അത്തരം സ്‌റ്റോക്ക് തീരും വരെയോ ഉപയോഗിക്കാം.
ആവശ്യമെങ്കില്‍ ജിഎസ്ടി ഇളവിന് ശേഷമുള്ള പുതിയ വിലയും പാക്കറ്റില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ വില മാറ്റം വരുത്തുന്ന പാക്കറ്റുകളില്‍ പഴയ എംആര്‍പി കാണുന്ന തരത്തിലാണ് പുതിയ വില രേഖപ്പെടുത്തേണ്ടത്. ജിഎസ്ടി മാറ്റത്തിന് അനുസരിച്ചുള്ള തുക മാത്രമേ കുറയ്ക്കാനോ കൂട്ടാനോ പാടുള്ളൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ പരിഷ്‌കരിച്ച വില രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമല്ല. കമ്പനികള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. പുതുക്കിയ വിലയുടെ പട്ടിക കമ്പനികള്‍ ചെറുകിട വ്യാപാരികള്‍ക്ക് കൈമാറണം.
Be the first to comment