‘സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ല’; സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ല. എംപി പാര്‍ട്ടിക്ക് വിധേയനാകണമെന്നും ഒരു വിഭാഗം വ്യക്തമാക്കി. അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയെന്നും സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

അതിനിടെ കോര്‍ കമ്മറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനെ വീണ്ടും കോറില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ എ എന്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു. മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖര്‍ നേമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍, രാജീവിനും അനൂപ് ആന്റണിക്കും ഷോണ്‍ ജോര്‍ജിനും മാത്രമേ സീറ്റ് ഉറപ്പുള്ളൂവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മറ്റ് നേതാക്കള്‍ ഏത് മണ്ഡലത്തില്‍ ശ്രദ്ധിക്കണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയില്ലെന്നും ആക്ഷേപമുയരുന്നു.

പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകളും നിര്‍ബന്ധമായും പിടിക്കണമെന്നും കോര്‍കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം,തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരും. ഇത് താനുള്‍പ്പെടെയുള്ള നേതൃത്വം മാറണ്ടേ സാഹചര്യമുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ കരുതുന്നു.

എയിംസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തണമെന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് തുടക്കം മുതല്‍ നടത്തിയ പ്രതികരണം പക്വതയില്ലാത്തതെന്നും വിമര്‍ശനമുണ്ട്. എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവനയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. കോട്ടയത്ത് പാര്‍ട്ടിയിലെ ക്രൈസ്തവരുടെ മാത്രം യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുയര്‍ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*