“നീയെനിക്ക് അനുജൻ” ; റോബോ ശങ്കറിന്റെ വിയോഗത്തിൽ വികാരാധീനനായി കമൽ ഹാസൻ

നടൻ റോബോ ശങ്കറിന്റെ വിയോഗത്തിൽ എക്‌സിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഉലകനായകൻ കമൽഹാസൻ. തമിഴിൽ കൊമേഡിയനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ റോബോ ശങ്കർ കമലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു. താരത്തെ സ്മരിച്ച് കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം 7 ലക്ഷം പേര് വായിച്ചിട്ടുണ്ട്.

“റോബോ ശങ്കർ, റോബോ എന്നത് ചെല്ലപ്പേരാണ്, എന്റെ നിഘണ്ടുവിൽ നീ മനുഷ്യൻ ആണ്, അതുകൊണ്ട് എന്റെ അനുജനുമാണ്. നീയെന്നെ വിട്ട് പോകുകയോ? നീ നിന്റെ ജോലി ചെയ്യാൻ പോയി അതിനാൽ എന്റെ ജോലി നിന്ന് പോയി. നാളെയെ ഞങ്ങൾക്ക് തന്നിട്ട് നീ പോയി അതിനാൽ, നാളെ നമുക്കാണ്” കമൽ ഹാസൻ കുറിച്ചു.

സ്റ്റാൻഡപ്പ് കൊമേഡിയനായും മിമിക്രി ആർട്ടിസ്റ്റായും കരിയർ തുടങ്ങിയ റോബോ ശങ്കർ കമൽ ഹാസന്റെ ശബ്ദം പല വേദികളിലും അനുകരിക്കുമായിരുന്നു. ഉലകനായകനോടുള്ള തന്റെ അടങ്ങാത്ത ആരാധനയെക്കുറിച്ചും പലവട്ടം റോബോ ശങ്കർ മനസ് തുറന്നിട്ടുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലെല്ലാം അദ്ദേഹം കമൽ ഹാസനെ ചെന്ന് കണ്ട അനുഗ്രഹവും ഉപദേശവും വാങ്ങാറുണ്ടായിരുന്നു,

ബിഗിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജ ശങ്കറിന് കുഞ്ഞ് ജനിച്ചപ്പോൾ കമൽ ഹാസന്റെ അരികിലെത്തി അനുഗ്രഹം വാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പുലി, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബോ ശങ്കർ ഏറെ നാളായി വൃക്ക രോഗ ബാധിതനായിരുന്നു. കൂടാതെ അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന റോബോ ശങ്കർ രോഗമുക്തി നേടി ചെന്നൈയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

Be the first to comment

Leave a Reply

Your email address will not be published.


*