
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിനു നോട്ടിസ് നല്കി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല നോട്ടിസ് നല്‍കിയത്.
സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച നടപടികള്‍ നിർത്തിവച്ചു ചര്‍ച്ച ആവശ്യപ്പെട്ട് റോജി എം ജോണ്‍ കഴിഞ്ഞ ദിവസം നോട്ടിസ് നല്കിയ ഉപക്ഷേപത്തിൻ്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. 2016 മുതല്‍ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 144 പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു എന്നാണു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
എന്നാല്‍ പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരോ, പദവിയോ, മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുന്‍പാകെ വയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. തികച്ചും അവാസ്തവമായ കണക്കാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ആഭ്യന്തരവകുപ്പില്‍ പോലും ഈ കണക്കിന് ഉപോല്പലകമായ രേഖകളോ വസ്തുതകളോ ഇല്ലെന്നു മുഖ്യമന്ത്രി നല്കിയ മറുപടികളില്‍ വ്യക്തമാണ്.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതുപോലെ പോലീസ് സേനയ്ക്കു കളങ്കവും മാനക്കേടും വരുത്തിവച്ചവരും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുമില്ല. സഭയില്‍ പരാമര്‍ശിക്കപ്പെട്ട കാലയളവില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ദീര്‍ഘകാലം ഡ്യൂട്ടിയില്‍ നിന്ന് അനധികൃതമായി വിട്ടുനിന്നവരോ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവരോ ആണ്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും, അച്ചടക്കനടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്ന് ശുപാര്‍ശ ചെയ്യപ്പെട്ടവരുമായ പല ഉദ്യോഗസ്ഥരും ഇന്നും പൊലീസിൻ്റെ സുപ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നതായി ചെന്നിത്തല നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
2025 ജനുവരി 23ലെ നക്ഷത്രചിഹ്നം ഇടാത്ത 83ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയായി ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗുണ്ട- പോലീസ് ബന്ധത്തിൻ്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്നും സസ്പെൻ്റ് ചെയ്തിരുന്ന 14 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.
മുന്‍ സര്‍ക്കാരിൻ്റെ കാലം മുതല്‍ നാളിതുവരെയായി പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ ക്രിമിനല്‍ കേസുകളെ സംബന്ധിച്ചും അവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ചുമുള്ള മാര്‍ച്ച് മൂന്നിലെ നക്ഷത്ര ചിഹ്നം ഇടാത്ത 2026ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയായി, ഇതു സംബന്ധിച്ച ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ കണക്കുകള്‍ അവാസ്തവമാണ് എന്നതാണ്.
സര്‍വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉള്‍ക്കൊളളുന്ന യഥാര്‍ഥ ലിസ്റ്റോ കണക്കോ നല്‍കാതെ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് പോലീസ് സേനയില്‍ ക്രമിനല്‍ കുറ്റകൃത്യം ചെയ്ത ഒരാളെയും പിരിച്ചുവിട്ടിട്ടില്ല എന്ന പ്രസ്താവന നടത്തുകയും, പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് പ്രതിപക്ഷ നിരയെ നോക്കി ചോദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2011-2016 കാലഘട്ടത്തില്‍ സേനയുടെ അച്ചടക്കം ലംഘിക്കുകയും ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുയുകയും ചെയ്ത 61 പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി പോലീസ് വകുപ്പിൻ്റെ രേഖകളില്‍ വ്യക്തമാണ്. ഇക്കാര്യം മനപൂര്‍വം മറച്ചുവച്ചു സഭയെ തെറ്റിദ്ധരിപ്പിക്കാനും യുഡിഎഫിനെ ഇകഴ്ത്താനും വേണ്ടിയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്തും ഈ സര്‍ക്കാരിൻ്റെ കാലത്തുമായി (ആകെ 9 വര്‍ഷവും 4 മാസവും) 144 പേരെ പിരിച്ചുവിട്ടു എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതും സഭയെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനം കൊണ്ടുവരാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ സ്പീക്കറോട് അഭ്യര്‍ഥിച്ചു.
Be the first to comment