
സിപിഐഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കെ ജെ ഷൈൻ, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സൈബർ ആക്രമണ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ എൻ ഉണ്ണകൃഷ്ണൻ ആവർത്തിച്ചു. കേസിലെ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണൻ ഒളിവിലാണ്.
പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. അതിൽ അഭിമാനം ഉണ്ടെന്ന് കെ ജെ ഷൈൻ പറഞ്ഞു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. കോൺഗ്രസ് സംസ്കാരം നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവരായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. നെഹ്റുവിന്റെ മകൾക്ക് അയച്ച കത്തിൽ സംസ്കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും കെ ജെ ഷൈൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്തു വരുമെന്ന നിലപാടിലാണ് കെ ജെ ഷൈൻ. കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും കെ ജെ ഷൈൻ തള്ളി.
അപസർപ്പക കഥയ്ക്ക് പിന്നിൽ സിപിഐഎമ്മിലെ വിഭാഗീയത എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ പാർട്ടി ഒറ്റക്കെട്ട് എന്ന നിലപാടിലാണ് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ. മുൻ മന്ത്രി എസ് ശർമ്മയുടെ പേര് വലിച്ചിടുന്നതിനോടും വിയോജിപ്പുണ്ടെന്നും മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവാണെന്നും കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
അപവാദപ്രചരണം നടത്തിയ കെഎം ഷാജഹാനെതിരെ ശക്തമായ നടപടി വേണമെന്ന നിലപടിലാണ് എംഎൽഎ പി വി ശ്രീനിജൻ. മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജപ്രചരണത്തിനെതിരെ നൽകിയ പരാതിയിൽ വൈപ്പിൻ എംഎൽഎ കെ ഉണ്ണികൃഷ്ണന്റെ മൊഴി മുനമ്പം ഡിവൈഎസ്പി രേഖപ്പെടുത്തി.
കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂരിൽ നിന്നാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം അറിഞ്ഞത്. പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നത്. സോഷ്യൽ മീഡിയയിൽ പിന്നീട് വ്യാപകമായ ആക്രമണം നേരിട്ടു. കെ എം ഷാജഹാൻ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലിൽ അവതരിപ്പിച്ചു. തന്റെ പേര് വെച്ച് പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചു.തന്റെ നിരപരാധിത്വം അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷവും സൈബർ ആക്രമണം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുയോ തയ്യാറായിട്ടില്ല. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം കാലം സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിന്റെ പിന്തുടർച്ചയാണെന്ന് കരുതേണ്ടിവരും.ഇത് സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും സർക്കാറിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെ ഉണ്ണികൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.
Be the first to comment